Cinema Entertainment Features Homepage Featured News

മമ്മൂട്ടിയുടെ ശബ്ദമായ ശ്രീനിവാസന്‍; ആ ‘മഹാപാതകം’ ചെയ്തത് പ്രിയദര്‍ശന്റെ നിര്‍ബന്ധത്തില്‍

ലയാള സിനിമയുടെ പെര്‍ഫക്ട് ഓള്‍റൗണ്ടര്‍ ആയിരുന്നു ശ്രീനിവാസന്‍. അഭിനയം, തിരക്കഥ, സംവിധാനം, ഗാനരചന തുടങ്ങി കൈവച്ചിടത്തെല്ലാം ശ്രീനി തിളങ്ങി. കരിയറിന്റെ തുടക്കകാലത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ശ്രീനി ‘അരക്കൈ’ നോക്കിയിട്ടുണ്ട്.

ഡയലോഗ് ഡെലിവറിയില്‍ മമ്മൂട്ടിയെ വെല്ലാന്‍ ആരുമില്ലെന്ന് സാക്ഷാല്‍ ശ്രീനിവാസന്‍ പോലും സമ്മതിക്കും. പക്ഷേ ഇതേ മമ്മൂട്ടിക്കായി കരിയറിന്റെ തുടക്കത്തില്‍ ഡബ്ബ് ചെയ്തതും ഇതേ ശ്രീനി തന്നെ. കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’യിലൂടെയാണ് നായകനടനെന്ന നിലയില്‍ മമ്മൂട്ടി ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. ‘മേള’യില്‍ മമ്മൂട്ടിക്കായി ഡബ്ബ് ചെയ്തിരിക്കുന്നത് ശ്രീനിവാസനാണ്. ശ്രീനിവാസന്‍ തിരക്കഥ രചിച്ച ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുണ്ട്. വളരെ കുറച്ച് ഡയലോഗുകള്‍ മാത്രമേ മമ്മൂട്ടിക്കുള്ളൂ. ആ ഡയലോഗ് ഡബ്ബ് ചെയ്തിരിക്കുന്നതും ശ്രീനിവാസന്‍ തന്നെയാണ്.

ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ രചിക്കുന്നത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയ്ക്കു വേണ്ടിയാണ്. തിരക്കഥാകൃത്ത് ആകുകയെന്ന ആഗ്രഹം ശ്രീനിക്ക് ഉണ്ടായിരുന്നില്ല. സംവിധായകന്‍ പ്രിയദര്‍ശന്റെ നിര്‍ബന്ധത്തിലാണ് ഇഷ്ടമില്ലാത്ത ഈ ഉദ്യമം ഏറ്റെടുക്കുന്നത്. പിന്നീട് അഭിനയം പോലെ ഇഷ്ടപ്പെട്ട ജോലിയായി ശ്രീനിക്ക് തിരക്കഥ രചിക്കുന്നത്.

മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ശ്രീനിവാസന്‍ പഠിച്ചിരിക്കുന്നത്. 1976 ല്‍ ‘മണിമുഴക്കം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം. മേള, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, അഹിംസ, ഈ നാട് തുടങ്ങിയ സിനിമകളിലൂടെ അഭിനേതാവ് എന്ന നിലയില്‍ ശ്രീനി പയറ്റിതെളിഞ്ഞു.

പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, മുത്താരംകുന്ന് പി.ഒ, അരം + അരം കിന്നരം, ടി.പി.ബാലഗോപാലന്‍ എംഎ, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ സിനിമകളിലൂടെയാണ് ഹാസ്യനടന്‍ എന്ന നിലയില്‍ ശ്രീനിവാസന്‍ മലയാളികള്‍ക്കു പ്രിയങ്കരനാകുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ പ്രകാശന്‍’ ആണ് ശ്രീനിവാസന്‍ തിരക്കഥ രചിച്ച അവസാന ചിത്രം.

സംവിധായകന്‍ എന്ന നിലയിലും നൂറ് ശതമാനം വിജയിച്ച കലാകാരന്‍. 1989 ല്‍ വടക്കുനോക്കിയന്ത്രം, 1998 ല്‍ ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകള്‍ ശ്രീനി സംവിധാനം ചെയ്തു. കലാമൂല്യത്തിനൊപ്പം സാമ്പത്തികമായും വിജയം നേടിയ രണ്ട് സിനിമകള്‍. കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ സിനിമകളുടെ സഹനിര്‍മാതാവ് കൂടിയാണ് ശ്രീനിവാസന്‍.

Related Posts