തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ച യോഗത്തിൽ വിമർശനവുമായി ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. നിലവിൽ 24.08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതാണ് വിമർശനത്തിന് കാരണമായത്. മുൻ എംഎൽഎയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസ് അടക്കമുള്ളവർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടി. എസ്ഐആറിന് അനുവദിച്ച സമയം നീട്ടണമെന്നും പാർട്ടികൾ ആവശ്യപ്പെട്ടു.
കേരളത്തിൽ അവസാനമായി വോട്ടർപട്ടിക പരിഷ്കരണം നടന്നത് 2002-ലാണ്. അന്ന് 18 വയസ്സിൽ താഴെയുള്ളവർ എസ്ഐആറിൽ ഇടംനേടാൻ തങ്ങളുടെ ബന്ധുക്കളുടെ വോട്ടർപട്ടികയിലെ വിവരം നൽകണം. ഇത്തരത്തിൽ വേണ്ടത്ര പരിശോധനയില്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപടിയാകെ നടക്കുന്നത്. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമാണെന്നിരിക്കെ അനാവശ്യ തിടുക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടുന്നതെന്ന് രാഷ്ട്രീയപാർട്ടികൾ ആരോപിച്ചു.
ബിഎൽഒമാരെ സമ്മർദ്ദത്തിലാക്കരുതെന്നും നടപടികൾ സുതാര്യമാക്കണമെന്നും നേരത്തേ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 2025 സെപ്തംബറിൽ നടന്ന സ്പെഷ്യൽ സമ്മറി റിവിഷനിൽ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവർ എസ്ഐആർ പ്രകാരം പുതുക്കിയ വോട്ടർ പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
സുപ്രീം കോടതി തന്നെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ അപാകതകൾ കണക്കിലെടുക്കുകയും സംസ്ഥാന സർക്കാർ ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമുണ്ടാകണമെന്നും നിർദ്ദേശിച്ചിട്ടുമുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്നും പുറന്തള്ളുകയല്ല വേണ്ടത്, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അർഹരായ എല്ലാവരെയും ഉൾക്കൊള്ളുക എന്നതാവണം എസ്ഐആറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടുകയല്ല, ജനാധിപത്യത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അർഹരായ എല്ലാവരെയും ഉൾക്കൊള്ളുക എന്നതാവണം തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കാരത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടർമാരെ കണ്ടെത്താനായില്ലെന്നും ഫോം സ്വീകരിച്ചില്ലെന്നുമുള്ള റിപ്പോർട്ടുകൾ കളവെന്ന് സിപിഎം നേതാവ് എംവി ജയരാജനും വിമർശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ ഒരു ബൂത്തിൽ മാത്രം 710 പേരെ ഒഴിവാക്കിയെന്ന് കോൺഗ്രസ് പ്രതിനിധി എംകെ റഹ്മാൻ ചൂണ്ടിക്കാട്ടി. അതേസമയം കരട് പട്ടികയിലെ പിഴവ് ചൂണ്ടിക്കാണിച്ചാൽ ഇലക്ടറൽ രജിസ്ടേഷൻ ഓഫീസർമാർ അത് തിരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മറുപടി പറഞ്ഞു.
















