കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം. ഇന്ന് വൈകീട്ട് 3 മണിവരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കാനെത്തും.
പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. ഇന്ന് രാവിലെ ഡയാലിസിസിന് പോവുന്നതിനിടെയാണ് ശ്രീനിവാസന് തളർച്ച അനുഭവപ്പെട്ടതും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചതും. ഭാര്യ വിമലയായിരുന്നു ആശുപത്രിയിൽ ശ്രീനിവാസന് ഒപ്പമുണ്ടായിരുന്നത്.
തന്റെ ശൈലിയിലൂടെയും മൂർച്ചയേറിയ പരിഹാസങ്ങളിലൂടെയും സിനിമ കാണുന്നവരെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ചലച്ചിത്രമേഖലയിലെ അതുല്യ പ്രതിഭയാണ് ശ്രീനിവാസനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു.
ശ്രീനിവാസനുമായി ചേർന്ന് ചെയ്ത കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണെന്ന് മോഹൻലാൽ പറഞ്ഞു. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകൻ സത്യൻ അന്തിക്കാട് പ്രതികരിച്ചു. വൈകാരികമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യൻ അന്തിക്കാടിന് വാക്കുകൾ പൂർത്തിയാക്കാനായില്ല.
സാധാരണ മനുഷ്യന്റെ ജീവിതം വളരെ അർത്ഥവത്തായി കേരളത്തിന്റെ മലയാളി മനസ്സുകളിൽ അവതരിപ്പിച്ച പ്രതിഭയെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. ഒരു തിരക്കഥ വായിച്ചാൽ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. 43 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ. സൃഷ്ടികൾ പോലെ തന്നെ ശ്രീനിവാസൻ്റെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. മമ്മൂട്ടിയടക്കമുള്ള സിനിമാമേഖലയിലെ പ്രമുഖർ നേരിട്ടെത്തി ശ്രീനിവാസന് ആദരമർപ്പിച്ചു.
















