ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഡിസംബർ 12 ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ഇങ്ക്വിലാബ് മോഞ്ചോ നേതാവ് ഷെരീഫ് ഒസ്മാൻ ബിൻ ഹാദി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ കലാപവും തീവയ്പ്പും രൂക്ഷമായിരിക്കുകയാണ്.
ബംഗ്ലാദേശിലെ എല്ലാ പൗരന്മാരോടും എല്ലാത്തരം ആൾക്കൂട്ട അക്രമങ്ങളെയും ചെറുക്കാൻ സർക്കാർ അഭ്യർത്ഥിച്ചു. “എല്ലാത്തരം അക്രമങ്ങളെയും, ഭീഷണിപ്പെടുത്തലിനെയും, സ്വത്തുക്കൾ നശിപ്പിക്കുന്നതിനെയും ഞങ്ങൾ ശക്തമായി, അപലപിക്കുന്നു”, ഇടക്കാല സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് ഇടമില്ല. ഈ ഹീനമായ കുറ്റകൃത്യം ചെയ്തവരെ വെറുതെ വിടില്ലെന്നും മുഹമ്മദ് യൂനുസ് സർക്കാർ വ്യക്തമാക്കി. ബംഗ്ലാദേശിൽ കലാപത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷമാകുകയാണ്.
















