കൊച്ചി: ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മുഖത്തടിച്ച സിഐ പ്രതാപചന്ദ്രനെതിരെ മറ്റൊരു യുവതിയും രംഗത്ത്. സുഹൃത്തായ പോലീസുകാരിയെ കാണാൻ സ്റ്റേഷനിലെത്തിയെ തന്നോട് മോശമായി പെരുമാറി എന്ന് നിയമ വിദ്യാര്‍ഥി പ്രീതി രാജും പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. .
എറണാകുളം സ്വദേശിനിയായ ഷൈമോളെ സി ഐ മര്‍ദിച്ച സംഭവം വിവാദമായിരുന്നു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ വിവരം അന്വേഷിക്കുന്നതിന് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു ഷൈമോള്‍. ഭര്‍ത്താവിനെ സ്‌റ്റേഷനില്‍ പൊലീസ് മര്‍ദിക്കുന്നതു കണ്ടാണ് ഇടപെട്ടതെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സിഐ മുഖത്തടിച്ചതെന്നും ഷൈമോള്‍ പറഞ്ഞിരുന്നു.
വിവാദമുയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ദക്ഷിണമേഖല ഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞിരുന്നു. ഗര്‍ഭിണിയുടെ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
എറണാകുളം നോര്‍ത്ത് പാലത്തിനടിയില്‍ ഉച്ചവിശ്രമത്തിനിടെ പ്രതാപചന്ദ്രന്‍ മുഖത്തടിച്ചെന്നും കള്ളക്കേസെടുത്തെന്നുമുള്ള സ്വിഗി ജീവനക്കാരന്‍റെ പരാതിയില്‍ ഇന്നും അന്വേഷണം തുടരുകയാണ്. ജോലിക്കിടെ എറണാകുളം നോര്‍ത്ത് പാലത്തിനടയില്‍ ഉച്ചവിശ്രമത്തിലായിരുന്ന റെനീഷിനെ ഒരു കാരണവുമില്ലാതെ പ്രതാപചന്ദ്രനും മറ്റ് പൊലീസുകാരും മര്‍ദ്ദിച്ചു. സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി. പരാതി നല്‍കിയിട്ടും ഒരു ഫലവുമില്ലെന്നും പൊലീസുകാരെ ഇന്ന് കാണുമ്പോള്‍ വെറുപ്പാണെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു.
2023ല്‍ പ്രതാപ ചന്ദ്രനുള്‍പ്പെടെയുള്ള പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തി പാലക്കാട് പാഞ്ഞാര്‍ സ്വദേശി സനൂപും രംഗത്തുവന്നു. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു റോഡിലും പൊലീസ് സ്റ്റേഷനിലുമെത്തിച്ചുള്ള മര്‍ദ്ദനം.
















