തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കാലാവധി ഇന്ന് അവസാനിക്കും. കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് ജാമ്യ ഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കും. രാഹുലിനെതിരെയുള്ള ആദ്യ പരാതിയുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിക്കുന്നത്. കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
ലൈംഗികാതിക്രമവും നിർബന്ധിത ഗർഭഛിദ്രവുമാണ് പാലക്കാട് എംഎൽഎയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന രാഹുലിനെതിരെയുള്ള കേസ്. രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
രാഹുലിനെതിരെ ബംഗളൂരുവിലെ താമസക്കാരിയായ മലയാളി യുവതിയും പരാതി നൽകിയിരുന്നു. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യാപേക്ഷ ലഭിച്ചിട്ടുണ്ട്. ആദ്യത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കോൺഗ്രസ് പാർട്ടി രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
















