Kerala Lead News News

വിസി നിയമന വിവാദം: സമവായത്തിലെത്തി സർക്കാരും ഗവർണറും

തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തി. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ ധാരണയായി. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയാണ് പുറത്തിറക്കിയത്.

നേരത്തേ വിസി നിയമനത്തിൽ സർക്കാരും ​ഗവർണറും സമവായത്തിൽ എത്താത്തതിനാൽ ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയോട് വിസിമാരായി നിയമിക്കാനുള്ള പേരുകൾ നിർദേശിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റി സ്വന്തം നിലയിൽ തയ്യാറാക്കിയ വിസിമാരുടെ പട്ടിക ഇന്ന് കോടതിയ്ക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ നിയമനക്കാര്യത്തിൽ ധാരണയായത്. സർക്കാരും ഗവർണറും യോജിപ്പിൽ എത്തിയതോടെ കോടതി ഇക്കാര്യം അംഗീകരിക്കാനാണ് സാധ്യത.

​ഗവർണർ ഡോ. സിസ തോമസിനെ കെടിയുവിലും ഡോ. പ്രിയ ചന്ദ്രനെ ഡിജിറ്റൽ വിസിയായും നിയമിക്കണമെന്ന് ആവശ്യപ്പെട്ടു. ഡോ. സജി ഗോപിനാഥിന്റെയും ഡോ. സതീഷ് കുമാറിന്റെയും പേരുകളായിരുന്നു സംസ്ഥാന സർക്കാർ നിർദേശിച്ചത്. ഇതോടെയായിരുന്നു ​ഗവർണർ- സർക്കാർ തർക്കം സുപ്രീം കോടതിയിലെത്തിയത്. തുടർന്ന് തർക്കപരിഹാരത്തിനായി നിയമനം കോടതി ഏറ്റെടുക്കുകയും വിസിമാരുടെ പേരുകൾ നിർദേശിക്കാൻ ജസ്റ്റിസ് ദൂലിയ കമ്മിറ്റിയെ നിയോ​ഗിക്കുകയുമായിരുന്നു.

Related Posts