തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച സംസ്ഥാനത്തെ മൂന്നു വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ഉണ്ടാകും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലായി മൂന്നു വാർഡുകളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതിൽ തിരുവനന്തപുരത്തെ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും നിർണായകമാണ്.
എൻഡിഎയുടെ 50 ഉം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും 29, 19 എന്നിങ്ങനെ അംഗങ്ങളുമാണ് തിരുവനന്തപുരം കോർപ്പറേഷനിലെ 101 അംഗ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2 സ്വതന്ത്ര സ്ഥാനാർത്ഥികളും കോർപ്പറേഷനിൽ വിജയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഴിഞ്ഞത്തെ സീറ്റിൽ യുഡിഎഫിനോ എൽഡിഎഫിനോ വിജയിക്കാനായാൽ സ്വതന്ത്രരുടെ പിന്തുണയോടെ ഇവർക്ക് ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാനാകും. ഈ സാഹചര്യത്തിൽ മൂന്ന് മുന്നണികൾക്കും നിർണായകമാണ് വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ്.
വിഴിഞ്ഞത്തിനു പുറമേ മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലേക്കാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടക്കുക. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും മാതൃകാപെരുമാറ്റച്ചട്ടം നിലനിൽക്കും.
















