Homepage Featured India News

‘പേരും മാനദണ്ഡങ്ങളും കേന്ദ്രം നിശ്ചയിക്കും പണം സംസ്ഥാനവും’; തൊഴിലുറപ്പ് പദ്ധതിയിലെ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം

ഡൽഹി: ​ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിൽ വ്യാപക പ്രതിഷേധം. സംസ്ഥാന സർക്കാരിനു കൂടി സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന തരത്തിലേക്ക് പദ്ധതി മാറ്റാനൊരുങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഭേദ​ഗതി ബില്ലിനെതിരെ കോൺ​ഗ്രസും സിപിഎമ്മും ഡൽഹിയിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധി, പ്രിയങ്കാ​ഗാന്ധി തുടങ്ങിയവരും കേന്ദ്രത്തെ വിമർശിച്ചു.

കേന്ദ്ര സർക്കാരിന്റെ നീക്കത്തിലൂടെ പദ്ധതിയിൽ മാനദണ്ഡങ്ങൾ കേന്ദ്രം നിശ്ചയിക്കുകയും പണം നൽകാൻ സംസ്ഥാനവും ബാധ്യസ്ഥമാകുകയും ചെയ്യുമെന്ന് എംബി രാജേഷ് വിമർശിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ എതിർപ്പറിയിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

ബില്ല് അനുസരിച്ച് കേരളം ഒരു വർഷത്തിൽ 1200 കോടി നൽകേണ്ടുന്ന പദ്ധതിയായി MGNREGA(തൊഴിലുറപ്പ് പദ്ധതി) മാറും. 60:40 എന്ന അനുപാതത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പദ്ധതിക്കായി പണം നൽകണമെന്നാണ് പുതിയ തൊഴിലുറപ്പ് പദ്ധതി ഭേദ​ഗതി ബില്ലിൽ പറയുന്നത്. നേരത്തേ ഇത് 90:10 എന്ന നിലയിലായിരുന്നു.

15 ദിവസത്തിനുള്ളിൽ പദ്ധതിയിൽ ഭാ​ഗമായവർക്ക് തൊഴിൽ നൽകാനായില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്ന് ബില്ലിൽ പറയുന്നുണ്ട്. ഇതും സംസ്ഥാന സർക്കാരാണ് നൽകേണ്ടത് എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. 22.61 ലക്ഷം സജീവ തൊഴിലാളികളാണ് കേരളത്തിലുള്ളത്.

​ഗ്രാമീണ മേഖലയുടെ ശാക്തീകരണത്തിനായി കോൺ​ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ​ഗവൺമെന്റായിരുന്നു പദ്ധതി രൂപീകരിച്ചത്. ഇടതുപക്ഷത്തുനിന്നുള്ള 59 എംപിമാർ കൂടി ചേർന്നതായിരുന്നു 2004 മുതൽ 2009 വരെയുള്ള 218 പേരുടെ പിന്തുണയുണ്ടായിരുന്ന യുപിഎ ​ഗവൺമെന്റ്. മഹാത്മാ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രധാനമായും ​ഗുണഭോക്താക്കൾ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ സ്ത്രീ ശാക്തീകരണത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര നീക്കമെന്നാണ് പൊതുവിൽ വിമർശനമുയരുന്നത്.

Related Posts