പത്തനംതിട്ട: സിപിഎം നേതാവ് കെസി രാജഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിനും കൂട്ടരും തന്നെ കാലുവാരി തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് മുൻ എംഎൽഎ ആയിരുന്ന കെസി രാജഗോപാലൻ ആരോപിച്ചിരുന്നു. ഇത് മലർന്നുകിടന്നു തുപ്പലാണെന്ന് കെ പ്രകാശ് ബാബു വിമർശിച്ചു.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിനും കൂട്ടർക്കുമെതിരെ ശക്തമായ നടപടിയാണ് കെസിആറിന്‍റെ ആവശ്യം. എന്നാൽ മുൻ എംഎൽഎ തന്നെ പാർട്ടിയെ വെട്ടിലാക്കി പരസ്യപ്രതികരണവുമായി ഇറങ്ങുന്നതിനെയാണ് പ്രകാശ് ബാബു വിമർശിക്കുന്നത്. വിഭാഗീയതയുടെ കാലത്ത് ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നെന്നും അനർഹർക്ക് അന്ന് അവസരങ്ങൾ നൽകിയതിന്റെ ഫലമാണ് കെസി രാജഗോപാലൻ ഇപ്പോൾ അനുഭവിക്കുന്നതെന്നും കെ പ്രകാശ് ബാബു പറഞ്ഞു. തിരുവല്ലയിലെ മുതിർന്ന നേതാവാണ് പ്രകാശ് ബാബു.
















