Homepage Featured Kerala News

ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വിധി തിരിച്ചടിയായതോടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കൊച്ചിയിൽ ആക്രമിക്കപ്പെട്ട കേസിലെ നടി.ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തിയത്. ഇന്ന് സർക്കാർ പരിപാടിയിലും അതിജീവിതയായ നടി പങ്കെടുത്തിരുന്നു. ക്ലിഫ് ഹൗസിൽ അരമണിക്കൂർ നീണ്ട ചർച്ചയിൽ കേസിനെ കുറിച്ച് മുഖ്യമന്ത്രി കൂടുതലായി ചോദിച്ചു മനസിലാക്കി. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും സർക്കാർ കൂടെയുണ്ടെന്നുമാണ് നടിക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു.

അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉൾപ്പടെ സുപ്രധാന പ്രതികളെ വെറുതെ വിട്ടാണ് പ്രിൻസിപ്പൽ കോടതിയുടെ വിധിയെത്തിയത്. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിവിധ വകുപ്പുകൾ ചുമത്തി ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം തടവും പിഴയും ചുമത്തിയിരുന്നു.

എന്നാൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട വിധിയിൽ അതിജീവിത രം​ഗത്തെത്തിയതോടെ കേസിൽ സർക്കാരും മേൽകോടതിയെ സമീപിക്കുമെന്ന നിലപാട് അറിയിച്ചു. ദിലീപിനെതിരെ തെളിവ് നിരത്താൻ പ്രോസിക്യൂഷന് കഴിയാഞ്ഞതാണ് കേസിൽ തിരിച്ചടിയായത്. ഹൈക്കോടതിയിലേക്ക് കേസ് എത്തുമ്പോൾ തെളിവുകൾ ബലപ്പെട്ടതാക്കാനും പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് അടയ്ക്കാനുമാണ് സർക്കാർ ശ്രമം.

Related Posts