Kerala Lead News News

രാഹുലിന് ഇന്ന് നിർണായകം; ബലാത്സം​ഗക്കേസുകൾ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയാണ് കോടതി പരി​ഗണിക്കുക. ബം​ഗളൂരുവിൽ ഉള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരി​ഗണനയിലാണ്.

ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ തിരുവനന്തപുരം സെഷൻസ് കോടതി വിധിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. ജാമ്യം നിഷേധിച്ചെങ്കിലും ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ഈ കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ രാഹുലിനെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.

ബംഗളൂരുവിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാ‍ർ ഹർജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് ഇന്ന് ഹൈക്കോടതിയിൽ ഈ കേസും പരിഗണിക്കുന്നുണ്ട്.

അതേസമയം രണ്ടാമത്തെ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അപ്പീലിലെ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Related Posts