തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പിടി കുഞ്ഞുമുഹമ്മദിനെതിരെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതിക്കാരി പറയുന്ന ഹോട്ടലിൽ കുഞ്ഞുമുഹമ്മദ് ഉണ്ടായിരുന്നതിന് തെളിവായാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പരാതിയിൽ കഴമ്പുണ്ടെന്നും പൊലീസ് പറയുന്നു.
കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ തിരുവനന്തപുരം സെഷൻസ് കോടതി പൊലീസിനോട് ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് ലൈംഗികാതിക്രമണം നടന്നെന്ന് പറയപ്പെടുന്ന ഹോട്ടലിൽ കുഞ്ഞുമുഹമ്മദ് ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തൽ ഉള്ളത്.
സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ ഔദ്യോഗിക തെരഞ്ഞെടുപ്പിനിടെ ജൂറി അംഗമായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ജൂറി അംഗങ്ങൾ തിരുവനന്തപുരത്തെ ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായത്.
ചലച്ചിത്രോത്സവത്തിലേക്കുള്ള സിനിമകളുടെ സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് പിടി കുഞ്ഞുമുഹമ്മദ് മുറിയിലെത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്രപ്രവർത്തക തന്റെ പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തുടർന്ന് മുഖ്യമന്ത്രി കന്റോൺമെന്റ് പൊലീസിന് പരാതി കൈമാറുകയും ചെയ്തു. ഈ കേസിലാണ് ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് പൊലീസ് കോടതിക്ക് സമർപ്പിച്ചിരിക്കുന്നത്.
















