Homepage Featured Kerala News

‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ല’; വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിത. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് കോടതിക്കെതിരെയുള്ള പ്രധാന വിമർശനമായി അതിജീവിത ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും 5 വർഷം മുമ്പുതന്നെ വിചാരണക്കോടതിയുടെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നതായും അതിജീവിത ആരോപിച്ചു. നവമാധ്യമത്തിലൂടെയാണ് അതിജീവിത പ്രതികരിച്ചിരിക്കുന്നത്.

കേസ് കെട്ടിച്ചമച്ചതെന്നത് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചവർക്ക് വിധി സമർപ്പിക്കുന്നുവെന്നും വേദനാപൂർണമായ കാലത്തിനൊടുവിൽ വെളിച്ചത്തിന്റെ നേരിയ കണിക കാണുന്നുവെന്നുമുള്ള പ്രത്യാശയോടെയാണ് അതിജീവിതയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒന്നാം പ്രതിയായ പൾസർ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. സംഭവത്തിന് മുൻപ് സിനിമയുടെ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്ന് നിയോ​ഗിക്കപ്പെട്ടതാണ് സുനിയെയെന്ന് അതിജീവിത പറയുന്നു. കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടതെന്നും അവർ വ്യക്തമാക്കുന്നു.

കുറ്റാരോപിതനായ ഒരാളിലേക്ക് എത്തുമ്പോൾ കേസ് കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വന്നതായി പെൺകുട്ടി ആരോപിക്കുന്നു. ‘ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ, എനിക്കിതിൽ അത്ഭുതമില്ല. 2020 ൻ്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.’- അതിജീവിത ആരോപിച്ചു.

കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് താൻ പലതവണ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചതായി അതിജീവിത കുറിപ്പിൽ പറയുന്നു. എന്നാൽ തന്റെ ആവശ്യം കോടതി നിരസിച്ചുവെന്നും അവർ പറഞ്ഞു. ‘കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, “നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല” തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.’-അവർ പറയുന്നു.

കേസ് ആരംഭിച്ചതു മുതൽ കൂടെ നിന്നവർക്ക് കുറിപ്പിൽ അതിജീവിത നന്ദി പറഞ്ഞു. അതേസമയം പണം വാങ്ങി അധിക്ഷേപകരമായ കമന്റുകളിടുകയും നുണക്കഥകളിലൂടെ ആക്രമിക്കുകയും ചെയ്യുന്നവരെ അവർ വിമർശിച്ചു. പണം വാങ്ങിയതിനാൽ അവരോട് അത് തുടരട്ടെയെന്നും അതിജീവിത പറഞ്ഞു.

വിചാരണക്കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടതിന് കാരണമായി നിരവധി കാര്യങ്ങളാണ് ആക്രമിക്കപ്പെട്ട നടി ചൂണ്ടിക്കാട്ടുന്നത്. അനധികൃതമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചു, കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേസിൽ നിന്ന് പിൻമാറിയ രണ്ട് പ്രോസിക്യൂട്ടർമാർ പറഞ്ഞു, മെമ്മറി കാർഡ് തുറന്നതിൽ സമ​ഗ്ര അന്വേഷണറിപ്പോർട്ട് നൽകിയില്ല(പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം നൽകി), ജഡ്ജിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രതിഭാ​ഗം ഹർജിയിൽ കക്ഷി ചേർന്നു,കേസ് ഓപ്പൺ കോടതിയിൽ നടത്തണമെന്ന തന്റെ ആവശ്യം കോടതി പരി​ഗണിച്ചില്ല എന്നിവയാണ് അതിജീവിത ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ.

Related Posts