തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം. സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡെന്നും പാർട്ടി വിലയിരുത്തുന്നു. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ.
സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം , സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തുന്നത്. സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമർശനമുണ്ട്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ അപ്രതീക്ഷിത മുന്നേറ്റം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം.തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്ക് പരിശോധിക്കുമ്പോൾ നാല് ജില്ലകളിൽ യുഡിഎഫിൻ്റെ സമഗ്രാധിപത്യമാണ്. വയനാട്, മലപ്പുറം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് യുഡിഎഫിന് സമഗ്രാധിപത്യമുള്ളത്.
















