Homepage Featured Kerala News

രണ്ടാമത്തെ ബലാത്സംഗ കേസ്: രാഹുലിനെതിരായ അപ്പീൽ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം

കൊച്ചി: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചത്. ആദ്യത്തെ പരാതിയിൽ വിശദമായ വാദം കേൾക്കും. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ഹർജി അൽപ്പസമയത്തിനകം പരിഗണിക്കും.

ആദ്യത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയിലാണ് വാദം കേൾക്കുക. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. അതേസമയം പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് പ്രത്യേക അന്വേഷണ സംഘം നിർദ്ദേശം നൽകി.

അതേ സമയം രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ ഇടങ്ങളിൽ അധിക്ഷേപക്കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർജാമ്യ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. രാഹുൽ ഈശ്വരിന്റെ വാദം ഇന്ന് വീണ്ടും കേൾക്കും. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്.

മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്.

Related Posts