Homepage Featured India Kerala News

വിസി നിയമന വിവാദം; സുപ്രീംകോടതിക്കെതിരെ ​ഗവർണർ

തിരുവനന്തപുരം: വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ​ഗവർണർ. വിസിയെ കോടതി നിയമിക്കാമെന്ന നിലപാട് ശരിയല്ലെന്ന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറയുന്നു. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്ന് അദ്ദേഹം പറഞ്ഞു.

വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്നത് യുജിസി ചട്ടവും കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമന കേസിലെ കോടതി വിധിയും വ്യക്തമാക്കുന്നുണ്ടെന്ന് ​ഗവർണർ പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യാൻ സുപ്രീംകോടതിക്ക് അധികാരമില്ല. അത്തരം സംഭവങ്ങൾ അടുത്തിടെ ഉണ്ടായി. നിയമനിർമ്മാണ സഭകളെ ബഹുമാനിക്കണം. ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാട് കോടതികൾക്ക് വരുന്നു എന്നതാണ് പ്രശ്നമെന്നും ​ഗവർണർ പറഞ്ഞു.

എന്തിനാണ് സേർച്ച്‌ കമ്മിറ്റിയെ കോടതി നിയമിക്കുന്നതെന്ന് ചോദിച്ച ഗവർണർ വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണെന്നും പറഞ്ഞു. നിയമം പാലിക്കാൻ കോടതിക്ക് പറയാം. എന്നാൽ നിങ്ങളുടെ ജോലി ഞങ്ങൾ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ​ഗവർണറും സമവായത്തിൽ എത്താതിരുന്നതോടെ പേര് നിർദേശിക്കുന്നത് സേർച്ച്‌ കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് സുപ്രീംകോടതിക്കെതിരെ ​ഗവർണർ രം​ഗത്തെത്തിയത്. ഡിജിറ്റൽ സർവകലാശാലയിലേക്ക് ഉള്ള പട്ടികയിൽ മുഖ്യമന്ത്രി മുൻ​ഗണന നൽകിയത് സജി ​ഗോപിനാഥിനാണ്. കെടിയുവിലേക്ക് മുഖ്യമന്ത്രി നിർദേശിച്ചത് സി സതീഷ് കുമാറിനെയുമാണ്.

എന്നാൽ സിസ തോസ്, പ്രിയ ചന്ദ്രൻ എന്നിവരെ വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിലപാട്. വിഷയത്തിൽ ഇരുവരും സമവായത്തിന് തയ്യാറാകാതിരുന്ന സാഹചര്യത്തിൽ സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിൽ വിസിമാരെ തീരുമാനിക്കാനായി ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ സുപ്രീകോടതി നിർദേശിക്കുകയായിരുന്നു. ഇതിനെതിരെയും ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് ​ഗവർണർ.

Related Posts