Kerala Local News

‘മകൾ കലയെ സ്നേഹിക്കുന്നു ഞാൻ മകളേയും’; ബിനാലെയുടെ ഭാഗമായതിൽ മകളെ അഭിനന്ദിക്കുന്നുവെന്നും എംഎ യൂസഫലി

കൊച്ചി: ബിനാലെയുടെ ഭാഗമായതിൽ മകൾ ഷഫീനയെ എംഎ യൂസഫലി അഭിനന്ദിച്ചു. മകൾ കലയെ സ്നേഹിക്കുന്നപോലെ ഞാൻ മകളേയും സ്നേഹിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. സ്വർണത്തിന്റെ കഥ പറഞ്ഞു കൊണ്ട് എക്സിബിഷനുമായി ഷഫീന യൂസഫലിയുടെ സ്ഥാപനമായ റിസ്ക് ആർട്സ് ഇനിഷേറ്റീവ് കൊച്ചി ബിനാലെയുടെ ഭാ​ഗമാകുന്നുണ്ട്. ഈ എക്സിബിഷന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേയും അറബ് നാടുകളിലേയും കലാകാരന്മാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് റിസ്ക് ആർട്സ് ഇനിഷേറ്റീവ്. ഇത്തവണ കൊച്ചി ബിനാലെയിൽ റിസ്ക് ആർട്സ് ഇനിഷേറ്റീവും ഭാ​ഗമാകുന്നുണ്ട്. യുഎഇയില്‍ നിന്നടക്കമുള്ള കലാകാരന്‍മാരും ഈ പരിപാടിക്കായി കൊച്ചിയിലെത്തിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ബിസിനെസ്സുകാരും പ്രൊഫഷണലുകളും കലാകാരന്മാരും കൊച്ചിയിലെത്തുകയും ഈ എക്സിബിഷനിൽ പങ്കെടുക്കുകയും കല ആസ്വദിച്ച് മടങ്ങുകയും ചെയ്യുമെന്ന് യൂസഫലി പറഞ്ഞു. ഫ്രാൻസിൽ നിന്നും അയർലെൻഡിൽ നിന്നുമുള്ള ചില സുഹൃത്തുക്കൾ പ്രൈവറ്റ് വിമാനങ്ങളിൽ പോലും ബിനാലെ കാണാനായി എത്തുമെന്ന് തന്നെ അറിയിച്ചതിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സന്തോഷം പ്രകടിപ്പിച്ചു. ഇത്തവണ ബിനാലെക്കായി ലക്ഷക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലുള്ള ഇത്രയും വലിയ ഒരു എക്സിബിഷൻ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ബിനാലെയുടെ സംഘാടകർക്കും കേരള ​ഗവൺമെന്റിനും യൂസഫലി നന്ദി പറഞ്ഞു. കേരള സർക്കാരിന്റെ പിന്തുണയെ അഭിനന്ദിച്ച യൂസഫലി ഡൽഹിയിൽ നിന്നും പരിപാടി ഉദ്ഘാടനം ചെയ്യാനായി മാത്രം കൊച്ചിയിലെത്തിയ മാജിദ് അൽ നെഖൈലാവിക്കും പ്രത്യേക നന്ദി അറിയിച്ചു.

എക്സിബിഷനിൽ ഭാ​ഗമാകാനെത്തിയ മുഴുവൻ എമിറാത്തി കലാകാരന്മാർക്കും യൂസഫലി നന്ദി രേഖപ്പെടുത്തി. അവർ അവരുടെ അനുഭവങ്ങളും കലയെക്കുറിച്ചുള്ള വിശദീകരണങ്ങളും പങ്കുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലെ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച കറുപ്പും വെളുപ്പും സ്വർണനിറവുമുള്ള മണ്ണിനങ്ങൾ ഇവിടെയെത്തിച്ച് വ്യത്യസ്ഥമായ രീതിയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇക്ക് ഇന്ത്യയുമായും കേരളവുമായും അടുത്ത ബന്ധമാണുള്ളതെന്ന് ചടങ്ങിൽ ​ എംഎ യൂസഫലി പറഞ്ഞു. 52 വർഷത്തോളമായി താൻ യുഎഇയിൽ തുടരുന്നുവെന്നും മകൾ ഷഫീനയുടേയും മരുമകൻ അബീബ് അഹമ്മദിന്റെയും ബിസിനെസ്സും അബുദാബി കേന്ദ്രീകരിച്ചാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. യുഎഇയിൽ നിന്നുള്ള കൂടുതൽ കലാകാരന്മാർ ബിനാലെയിൽ പങ്കെടുക്കാനായി അടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചിയിലെത്തുമെന്ന് യൂസഫലി പറഞ്ഞു.

യുഎഇയുടെ ഇന്ത്യൻ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയ മാജിദ് അൽ നെഖൈലാവി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മന്ത്രി പി രാജീവ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാൻ വി വേണു, ആർട്ട് ക്യൂറേറ്ററും ചിത്രകാരനുമായ ബോസ് കൃഷ്ണമാചാരി, അബീദ് അഹമ്മദ് തുടങ്ങിയവരും പങ്കെടുത്തു.

Related Posts