Kerala News

‘എനിക്ക് പിശകുപറ്റി, ഞാനത് മനസ്സിലാക്കുന്നു’ ; എംഎ ബേബിയുടെ നിലപാടാണ് പാർട്ടിയുടേതെന്ന് എംഎം മണി

ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ തന്റെ വിവാദ പരാമർശം ശരിയായില്ലെന്ന് സമ്മതിച്ച് സിപിഐഎം നേതാവ് എംഎം മണി. തന്റെ പ്രതികരണം ശരിയായില്ലെന്ന് ഏറ്റുപറഞ്ഞ എംഎം മണി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി. ഇടുക്കി ജില്ലയിലടക്കം നിരവധി റോഡുകളും വികസനപ്രവർത്തനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്ത വികസനങ്ങളോ ക്ഷേമ പ്രവർത്തനങ്ങളോ ഉമ്മൻചാണ്ടിയോ എകെ ആന്റണിയോ ചെയ്തിട്ടുണ്ടോയെന്ന് മുൻ മന്ത്രി എംഎം മണി ചോദിച്ചു. പെൻഷൻ കൊടുക്കുന്നത് ജനങ്ങളുടെ അവകാശമാണെന്ന് സമ്മതിക്കുമ്പോളും മറ്റു ​ഗവൺമെന്റുകൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ലെന്ന വിമർശനം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. താൻ ഇന്നലെ നടത്തിയ പ്രതികരണം ആവശ്യമുണ്ടായില്ലെന്ന് തുറന്നു സമ്മതിച്ച എംഎം മണി വിഷയത്തിൽ പാർട്ടിയുടെ നിലപാട് അതല്ലെന്നും വ്യക്തമാക്കി.

തനിക്ക് പിശകു പറ്റിയെന്നും പാർട്ടി തന്നോട് നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും താനത് മനസ്സിലാക്കുന്നുവെന്നും എംഎം മണി പറഞ്ഞു. ഇന്നത്തെ കേരളത്തെ ഈ നിലയിലെത്തിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കുണ്ടെന്ന് മാധ്യമ പ്രവർത്തകരും ജനങ്ങളും സമ്മതിക്കുമെന്നും എംഎം മണി പറഞ്ഞു.

പെൻഷൻ നൽകിയെന്നും റോഡ്, പാലം തുടങ്ങിയ വികസനപ്രവർത്തനങ്ങൾ നടത്തിയെന്നും ജനങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റി പണി തന്നെന്നും എംഎം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാമർശം വിവാദമായതോടെ സിപിഐഎം ജനറൽ സെക്രട്ടറി തന്നെ എംഎം മണിയുടെ നിലപാടല്ല പാർട്ടിക്കെന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇന്ന് എംഎം മണി മാധ്യമങ്ങളോട് സംസാരിച്ചത്.

Related Posts