തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ ശ്രീലേഖയ്ക്ക് വിജയം. മുൻ ഡിജിപിയും കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് വിജയിച്ചത്. ബിജെപി തിരുവനന്തപുരം നഗരസഭയിൽ മേൽക്കൈ നേടുമെന്ന വ്യാജ സർവേ ഫലം തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷയാണ് ആർ ശ്രീലേഖ. ‘ പ്രീ പോൾ സർവേ ‘ പോസ്റ്റ് വിവാദത്തിൽ തിരഞ്ഞെടുപ്പു കമ്മീഷൻ ഇവർക്കെതിരെ നടപടിയെടുത്തിരുന്നു. മുൻ ഗതാഗത കമ്മീഷണറും കേരള ജയിൽ ഡിജിപിയും ആയിരുന്നിട്ടും ‘പ്രീ പോൾ സർവേ’ ഷെയർ ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന് ആർ ശ്രീലേഖയ്ക്ക് തിരിച്ചറിയാനായില്ലെന്നതിൽ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധവുമുയർന്നിരുന്നു.
അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ ജഗതി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ സിനിമാ, സീരിയൽ താരം പൂജപ്പുര രാധാകൃഷ്ണൻ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണൻ. പാർട്ടി ചെയർമാനായ കെബി ഗണേശ് കുമാറായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർത്ഥിയും മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനു പരാജയപ്പെട്ടു. യുഡിഎഫിന്റെ മേരി പുഷ്പം 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തൃക്കാക്കര നഗരസഭ മുൻ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ അജിത തങ്കപ്പൻ പരാജയപ്പെട്ടു. സ്ത്രീ പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. സ്വർണക്കൊള്ളയിൽ റിമാൻഡിലായ എ പത്മകുമാറിന്റെ വാർഡിൽ ബിജെപി വിജയിച്ചു.
















