തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലാണ്. മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും വോട്ടെണ്ണൽ അതാത് കേന്ദ്രങ്ങളിലാകും നടക്കുക.
ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഫലസൂചനകൾ ലഭിച്ച് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. സംസ്ഥാനത്ത് ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ആഹ്ലാദ പ്രകടനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ മിതത്വം പാലിക്കണം. ലൗഡ് സ്പീക്കർ ഉപയോഗിക്കാനോ പൊതു ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ല. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഹരിത ചട്ടവും, പരിസ്ഥിതി നിയമങ്ങളും കർശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാൻ ഗവൺമെന്റിന്റെ മൂന്നു വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
https://trend.sec.kerala.gov.in,
https://lbtrend.kerala.gov.in,
https://trend.kerala.nic.in എന്നീ വെബ്സൈറ്റുകൾ വഴി പൗരർക്ക് തെരഞ്ഞെടുപ്പ് ഫലം അറിയാനാകും. ഓരോ ജില്ലകളിലേയും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ ഫലങ്ങൾ വേർതിരിച്ച് കാണാനുള്ള സൗകര്യം വെബ്സൈറ്റിലുണ്ട്.
ഡിസംബർ 9, 11 തീയതികളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ 73.56 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പേർ വോട്ടുചെയ്തിരുന്നു.
















