കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയില്‍ വിമതനായി മത്സരിച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 36-ാം വാര്‍ഡിലേക്കാണ് കാര നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സ്വതന്ത്രനായി മത്സരിച്ചത്.
ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയതോടെയാണ് സി വൈശാഖ് പാർട്ടിയുമായി ഇടഞ്ഞത്. തന്നെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ പയ്യന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറിയും മറ്റു ചിലരും കൂടിയാണെന്നതടക്കം ആരോപണങ്ങൾ വൈശാഖ് ഉന്നയിച്ചിരുന്നു.
ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങളിൽപ്പെട്ടവർ അടക്കം വന്ന് കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും അതിൽ ഒരാളുടെ പേരിൽ മാത്രമാണ് പാർട്ടി ഒൻപതുമാസം കഴിഞ്ഞ് നടപടിയെടുത്തതെന്നും മറ്റുള്ളവർക്കെതിരെ നടപടിയുണ്ടായില്ലെന്നും വൈശാഖ് ആരോപിച്ചിരുന്നു. കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാർട്ടി അംഗങ്ങൾ പാർട്ടിയുമായി ഇടഞ്ഞിരുന്നു. ഇവരുടെ പിന്തുണയോടെയാണ് വൈശാഖ് മത്സരത്തിനിറങ്ങാൻ തീരുമാനിച്ചതും വിജയിച്ചതും.
















