Homepage Featured Kerala News

ഇത് വെറും തദ്ദേശ പോരില്‍ ഒതുങ്ങില്ല; ചരിത്രം ഇങ്ങനെ

ദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒരു ദിശാസൂചികയായിരിക്കും.

തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയുള്ളത്. രണ്ടിടത്തും ചില ഡിവിഷനുകളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ട്. പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പ് ഫലവും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു.

2020 തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ദിശാസൂചികയായിരുന്നു. തദ്ദേശപ്പോരിലെ ഫലത്തിനു സമാനമായ രീതിയിലുള്ള ട്രെന്‍ഡ് ആണ് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.

ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തമായ ആധിപത്യം എല്‍ഡിഎഫിനു ഉണ്ടായിരുന്നു. 582 പഞ്ചായത്തുകള്‍ ഇടതുപക്ഷത്തിനൊപ്പവും 337 പഞ്ചായത്തുകള്‍ യുഡിഎഫിനു ഒപ്പവുമാണ്. എന്നാല്‍ ബിജെപിക്ക് 13 പഞ്ചായത്തുകള്‍ മാത്രമാണ് ലഭിച്ചത്. ഇത്തവണ ബിജെപി പഞ്ചായത്ത് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫിനു മൃഗീയമായ ആധിപത്യം ഉണ്ടായിരുന്നു. 113 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫും 38 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫും ജയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കൃത്യമായി പ്രതിഫലിക്കുന്നത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമാണ്. 14 ല്‍ 11 ജില്ലാ പഞ്ചായത്തും ജയിച്ച എല്‍ഡിഎഫ് നിയമസഭയില്‍ 100 സീറ്റുകളുമായി അധികാരത്തിലെത്തുകയായിരുന്നു. മൂന്ന് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനു ഒപ്പം നിന്നത്. ജില്ലാ പഞ്ചായത്തുകള്‍ 6/7 ആക്കി വര്‍ധിപ്പിക്കാതെ യുഡിഎഫിനു നിയമസഭാ തിരഞ്ഞെടുപ്പില്‍ മടങ്ങിയെത്താന്‍ പറ്റില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം എട്ട് മുതല്‍ 10 വരെയുള്ള ജില്ലാ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് ഉറപ്പിച്ചാല്‍ 2026 ലും ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുണ്ടെന്ന് വ്യക്തം.

നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് 2020 ല്‍ നടന്നത്. 44 നഗരസഭകളില്‍ എല്‍ഡിഎഫും 41 നഗരസഭകളില്‍ യുഡിഎഫും ജയിച്ചു. ബിജെപിക്ക് രണ്ട് നഗരസഭകള്‍ മാത്രം. ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍ഡിഎഫും കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫിനു ഒപ്പവും ആയിരുന്നു. ഇതില്‍ കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍ യുഡിഎഫ് തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ട്.

2020 തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാനം: എല്‍ഡിഎഫ് – 40.2 %, യുഡിഎഫ് 37.9 %, ബിജെപി – 15 %

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള സൈറ്റുകള്‍: https://trend.sec.kerala.gov.in, https://lbtrend.kerala.gov.in,https://trend.kerala.nic.in എന്നീ വെബ് സൈറ്റുകളില്‍ തിരഞ്ഞെടുപ്പ് ഫലം ലഭ്യമാണ്.

സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാപഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോര്‍പ്പറേഷന്‍ എന്നിങ്ങനെ തിരിച്ച് ഒറ്റ നോട്ടത്തില്‍ മനസിലാകുന്ന വിധം സൈറ്റില്‍ ലഭ്യമാകും.

Related Posts