പത്തനംതിട്ട: സിപിഎം നേതാവും ആറന്മുളയിലെ മുൻ എംഎൽഎയുമായ കെസി രാജഗോപാലന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയം. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമായ രാജഗോപാലൻ മെഴുവേലി പഞ്ചായത്തിൽ എട്ടാം വാർഡിൽ നിന്നാണ് 28 വോട്ടിന് വിജയിച്ചത്. 1988-ല്‍ ഇതേ പഞ്ചായത്തിൽ പ്രസിഡന്റായിരുന്നു അദ്ദേഹം.
മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട നെടിയകാല സ്വദേശിയായ രാജഗോപാൽ 1979-ലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 1988-ല്‍ ഇതേ പഞ്ചായത്തിൽ തന്നെ അദ്ദേഹം പ്രസിഡന്റായും സ്ഥാനമേറ്റു. 2006 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ആറന്മുളയിലെ എംഎൽഎ ആയി. വിമാനത്താവള പദ്ധതിക്ക് ആദ്യ അനുമതി നേടിയത് കെസി രാജഗോപാലന്‍ ആറന്മുളയിൽ എംഎല്‍എ ആയിരുന്നപ്പോഴാണ്. 2011 ൽ കെ ശിവദാസൻ നായരോട് ഇതേ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.
















