Homepage Featured Kerala News

ദിലീപിനെതിരെ തെളിവുകളില്ലെന്ന് കോടതി; പൾസർ സുനിയുമായി ​ഗൂഢാലോചന നടന്നെന്ന് കണ്ടെത്താനായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് വിധിപ്പകർപ്പിൽ കോടതി. പ്രോസിക്യൂഷൻ ആരോപിക്കുന്ന തരത്തിൽ പൾസർ സുനിയുമായി ദിലീപ് ​ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരീക്ഷിച്ചു.

അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. അതിൽ തെറ്റില്ലെന്നും എന്നാൽ ​ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. വിധി പകര്‍പ്പിൽ 300 പേജുകളിലായാണ് ദിലീപിനെ എന്തുകൊണ്ട് കുറ്റവിമുക്തനാക്കി എന്നതിൽ കോടതി വ്യക്തത വരുത്തുന്നത്.

ദിലീപിന്‍റെ വീട്ടിൽ വച്ച് പൾസര്‍ സുനിയുമായുള്ള ​ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ‘മാസ്റ്റര്‍ കോണ്‍സ്പറേറ്റര്‍’ ആണ് ദിലീപെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ദിലീപിന്‍റെ വീടിന് സമീപം പൾസർ സുനിയെ കണ്ടുവെന്ന് ഒരു മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ മൊഴിയുമുണ്ട്. എന്നാൽ ഇത് ​ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവല്ലെന്ന് കോടതി നിരീക്ഷിച്ചു.

സിനിമാ മേഖലയിൽ ഉള്ളയാളാണ് പൾസർ സുനി. അതിനാൽ ദിലീപിന്റെ സിനിമാ സെറ്റിൽ ഇയാളെത്തിയെന്നത് ​ഗൂഢാലോചനയ്ക്കുള്ള തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി പറയുന്നു. തെളിവുകൾ ശേഖരിച്ചതിൽ അന്വേഷണ സംഘത്തിനെതിരെയും കോടതി വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മൂന്ന് സ്ഥലങ്ങളിൽ വച്ച് ദിലീപ് പണം നൽകിയെന്ന അന്വേഷണ സംഘത്തിന്റെ ആരോപണത്തിനും ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടില്ലെന്ന് കോടതി പറഞ്ഞു.

Related Posts