പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിങ് വാര്‍ഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്.
ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എൽഡിഎഫ് വിജയിച്ചത്. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പിഎസ് ഉത്തമനു കോണ്‍ഗ്രസിന്‍റെ അമ്പിളി സുജസിനും 268 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി രാജേഷിന് 232 വോട്ടുകളാണ് നേടാനായത്.
റാന്നി പെരുനാട് പഞ്ചായത്തിൽ എട്ടു സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫ് നാലു സീറ്റിലും എൻഡിഎ രണ്ടു സീറ്റിലും വിജയിച്ചു. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയും ലഭിച്ചു.
















