കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു; ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവ് , അമ്പതിനായിരം രൂപ പിഴ ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വാദം കേട്ടത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ.
പ്രതികൾക്ക് പരാമധി ശിക്ഷ നൽകണം എന്നതായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ശിക്ഷയിൽ ഇളവ് നൽകണം എന്നതരത്തിലായിരുന്നു പ്രതിഭാഗത്തിന്റെ വാദം. റിമാൻഡ് കാലം ഇളവ് ചെയ്യും എന്നാണ് വിധിയിൽ പറയുന്നത്. ആറ് പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയക്കും. വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജഡ്ജ് ഹണി എം വർഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജഡ്ജ് ആവശ്യപ്പെട്ടു.
എട്ടാം പ്രതി നടൻ ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ കോടതിയില്‍ എത്തിച്ചു. ശിക്ഷ വിധിക്കുന്നതിനു മുൻപ്, വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാർ കോടതിയെ അറിയിച്ചു. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണ്, തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയിൽ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിന്റെ കോടതിയോട് പറഞ്ഞത്.
കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണെമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു. കേസിലെ അഞ്ചാം പ്രതി വടിവാൾ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെൺകുട്ടിയുമുണ്ട്.
ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.
നടി ആക്രമിക്കപ്പെട്ട കേസിന്‍റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകി.
ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പറയും മുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും.
കേസിന്റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന ‘നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാൽ, കേസിലെ റിപ്പോർട്ടിംഗിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി.
2017 ഫെബ്രുവരി 17 നാണ് അങ്കമാലി അത്താണിക്കു സമീപം വെച്ച് മലയാളത്തിലെ പ്രമുഖ നടി മോശം അനുഭവം നേരിടുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍വെച്ച് ഒരു സംഘം ലൈംഗികാതിക്രമം നടത്തുകയും പിന്നീട് അപകീര്‍ത്തികരമായ രീതിയില്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്.
നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിനു പിന്നാലെ അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്.
ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി. കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. 2017 ഫെബ്രുവരി 19 നാണ് ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലാകുന്നത്.
2017 ജൂണ്‍ 23ന് കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പള്‍സര്‍ സുനി എഴുതിയ കത്ത് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പുറത്തുവരികയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദീലിപിനു ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു ബോധ്യപ്പെടുന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചു. ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മാര്‍ച്ച് എട്ടിനു തുടങ്ങിയ വിചാരണ നടപടികളിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
എന്തായാലൂം നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട് . അതിജീവിതയ്ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
















