പാലക്കാട്: ബലാത്സംഗ കേസിനെ തുടർന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വോട്ട് ചെയ്യാനെത്തി. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുൽ വോട്ട് ചെയ്തത്. ഈ വാർഡിലാണ് രാഹുൽ താമസിക്കുന്ന ഫ്ലാറ്റുള്ളത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയേക്കുമെന്ന് വാർത്ത ഉണ്ടായിരുന്നു.ഇവിടെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രാഹുലിനെതിരായ രണ്ടാം പീഡന കേസിൽ ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ പാലക്കാട് എത്തുമെന്ന അഭ്യൂഹം ശക്തമായത്.
എംഎല്‍എയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു രാഹുല്‍ എത്തിയത്. ഈ കാറിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കോഴിയുടെ സ്റ്റിക്കര്‍ പതിപ്പിച്ചു. പലരും കൂക്കി വിളിക്കുകയും ചെയ്തിരുന്നു. സത്യം വിജയിക്കുമെന്ന് രാഹുൽ മാങ്കുട്ടത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ കൂക്കു വിളിലൂടെയാണ് സിപിഎം പ്രവർത്തകർ എതിരേറ്റത്.
അതേസമയം പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി. വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ ബൊക്കെ നൽകിയാണ് കോണ്‍ഗ്രസ് പ്രവർത്തകര്‍ സ്വീകരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കൾ എല്ലാം പറയുമ്പോഴും രാഹുൽ തങ്ങളുടെ എംഎല്‍എ ആണെന്നാണ് കെഎസ്‍യു ജില്ലാ സെക്രട്ടറി അടക്കം പറയുന്നത്.
രാഹുലിനെതിരെയുള്ള നടപടിയിൽ കെപിസിസി നേതൃത്വത്തില്‍ തന്നെ കടുത്ത ഭിന്നത നിൽക്കുന്നുണ്ട്. എന്നാല്‍ രാഹുലിന്‍റെ വരവില്‍ പാർട്ടിക്ക് ബന്ധം ഇല്ലെന്നും ആശയവിനിമയം ഇല്ലെന്നുമാണ് കെപിസിസി നേതൃത്വം അറിയിക്കുന്നത്.
















