Homepage Featured Kerala News

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം സെഷൻസ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പൊലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിർദേശം. അടച്ചിട്ട മുറിയിലായിരുന്നു വാദം. വിവാഹ അഭ്യർത്ഥന നടത്തി രാഹുൽ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരി പൊലീസിന് നൽകിയത്. രാഹുലിന്‍റെ സുഹൃത്ത് ഫെന്നിയാണ് അന്ന് കാർ ഓടിച്ചിരുന്നത് എന്നും പരാതിയിൽ പറയുന്നു. കർണാടകയിൽ ഒളിവിലുള്ള രാഹുലിനെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. ആദ്യ പരാതിയിൽ ജാമ്യാപേക്ഷയിൽ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി പൊലീസ് ഇന്ന് വീണ്ടും അപേക്ഷ നൽകും. സമാന കേസിൽ പ്രതികളായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, മഹിള കോണ്‍ഗ്രസ് നേതാവ് രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജിയും ഇന്ന് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിക്കും.

Related Posts