Homepage Featured Kerala News

വോട്ടെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർഥി അന്തരിച്ചു; എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു, വിഴിഞ്ഞത്തും തീയതി മാറ്റി

വോട്ടെടുപ്പ് ദിവസം പുലർച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിഎസ് ബാബുവാണ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30നായിരുന്നു അന്ത്യം.

പിറവം മര്‍ച്ചന്‍റ് അസോസിയേഷൻ മുൻ പ്രസിഡന്‍റായിരുന്നു സിഎസ് ബാബു. ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ ജസ്റ്റിൻ ഫ്രാൻസിസും വാഹനാപകടത്തിൽ മരിച്ചിരുന്നു. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും ഇന്ന് വോട്ടെടുപ്പ് നടക്കില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു ജസ്റ്റിൻ ഫ്രാൻസിസ്.

ഈ വാർഡുകളിൽ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും പോളിങ് സാമ​ഗ്രികൾ തിരികെ എത്തിക്കുവാനും ഉദ്യോ​ഗാർത്ഥികൾക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരമാണ് സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട വിഴിഞ്ഞത്തെ നടപടികൾ രാത്രിയോടെ പൂർത്തിയായി. ബൂത്തുകൾ പൂട്ടി പോളിങുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുമായി ഉദ്യോഗസ്ഥർ നാലാഞ്ചിറയിലേക്ക് മടങ്ങി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related Posts