ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്. പുതിയ ശമ്പള കമ്മീഷൻ നടപ്പാക്കുന്നതിന്‍റെ സമയപരിധിയെക്കുറിച്ചും ആകെ ഗുണഭോക്താക്കളുടെ എണ്ണത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്.
2026 ജനുവരി ഒന്ന് മുതൽ കമ്മീഷൻ നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അദ്ദേഹം കൃത്യമായ തീയതി പറയാൻ തയ്യാറായില്ല. കമ്മീഷൻ ശുപാർശകൾ 18 മാസത്തിനുള്ളിൽ സമർപ്പിക്കുമെങ്കിലും, നടപ്പാക്കുന്ന തീയതിയും ഫണ്ടിംഗും പിന്നീട് തീരുമാനിക്കുമെന്നും സർക്കാർ അറിയിച്ചു. അതിനാൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്കും മുൻ ജീവനക്കാർക്കും ആനുകൂല്യങ്ങൾ ഉടൻ ലഭിക്കില്ല.
50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും ഏകദേശം 69 ലക്ഷം പെൻഷൻകാരും കമ്മീഷന്‍റെ പരിധിയിൽ വരും. എട്ടാം ശമ്പള കമ്മീഷൻ നേരത്തെ രൂപീകരിക്കുകയും അതിന്‍റെ ടേംസ് ഓഫ് റഫറൻസിന് (ToR) പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 28 ന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. നവംബർ മൂന്നിന് ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രമേയത്തിലൂടെ ടേംസ് ഓഫ് റഫറൻസ് ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു.
ശുപാർശകൾ നൽകുന്നതിനായി മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത്:
ചെയർപേഴ്സൺ: ജസ്റ്റിസ് (റിട്ട.) രഞ്ജന പ്രകാശ് ദേശായി
പാർട്ട് ടൈം അംഗം: പ്രൊഫസർ പുലക് ഘോഷ്
മെമ്പർ-സെക്രട്ടറി: പങ്കജ് ജെയിൻ
















