Gulf Homepage Featured News

മദ്യനിരോധന നിയമങ്ങളില്‍ നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ; ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സാധ്യത

റിയാദ്: മദ്യനിരോധന നിയമങ്ങളില്‍ വീണ്ടും നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ. മുസ്ലിങ്ങളല്ലാത്ത, പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 12 ലക്ഷം രൂപ) ശമ്പളമുള്ളവര്‍ക്ക് ഇനി മുതല്‍ റിയാദിലെ ഔദ്യോഗിക വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങാം. മുൻകാലങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രീമിയം വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തിയിരിക്കുന്നത്. ഇളവുകൾ ഉണ്ടെങ്കിലും ഒരു സാധാരണ വൈന്‍ കുപ്പിയ്ക്ക് ഏകദേശം 7000 രൂപയോളം വില വരും. ഇത് അമേരിക്കയിലെ വിലയേക്കാള്‍ അഞ്ചിരട്ടി അധികമാണ്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ‘വിഷന്‍ 2030’ ന്റെ ഭാഗമായി രാജ്യത്ത് വലിയ സാമൂഹിക മാറ്റങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതും, തിയേറ്ററുകള്‍ തുറന്നതും ഇതിന്റെ ഭാഗമായിരുന്നു. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും, 2034-ലെ ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി വിദേശികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

വാര്‍ത്ത പരന്നതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, ആളുകള്‍ ആവേശത്തിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രീമിയം വിസയുള്ള 12,500-ലധികം ആളുകള്‍ ഇതിനകം റിയാദിലെ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയതായാണ് കണക്കുകള്‍. 1952-ല്‍ സൗദിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ശേഷം, രണ്ട് വര്‍ഷം മുമ്പാണ് വിദേശ നയതന്ത്രജ്ഞര്‍ക്കായി ആദ്യത്തെ മദ്യവില്‍പ്പന ശാല തുറന്നത്. 2026-ഓടെ ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലും സമാനമായ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്നാണ് സൂചന.

Related Posts