കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. കേസിൽ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപടക്കം നാലുപ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
കുറ്റവാളികൾക്കെതിരെ സർക്കാർ സ്വീകരിച്ചത് കർശന നിലപാടാണെന്ന് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഐഎം ഇതുവരെയും തുടർന്നും അതിജീവിതയ്ക്ക് ഒപ്പമാണ്. സംസ്ഥാന സർക്കാറും അതിജീവിതക്കൊപ്പമാണ് നിലകൊണ്ടത്. സംസ്ഥാന സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘം ക്രിമിനലുകളാണെന്ന ദിലീപിന്‍റെ പരാമർശത്തെ മുൻ മന്ത്രി എ കെ ബാലൻ വിമർശിച്ചു. നടത്തിയത് ഗുരുതര ആരോപണമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടപ്പോൾ, കേസ് വാദിച്ച് തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു.
അതിജീവിത നീതി നിഷേധത്തിന്റെ ഷോക്കിലാണെന്നും അവൾക്കൊപ്പം ഉറച്ചു നിൽക്കുമെന്നും റിമ കല്ലിങ്കൽ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. നേരത്തെ എഴുതിവച്ച വിധിയെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ അജിത, ദിലീപ് ജയിലിൽ കിടന്നതു തന്നെ വലിയ കാര്യം എന്നും പ്രതികരിച്ചു.
ഇതെന്ത് നീതി എന്ന് പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എന്നും എപ്പോഴും അതിജീവിതക്കൊപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, അപ്പീൽ പോകുന്നതടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി കൃത്യമായ നിലപാടെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് തന്‍റെ ഉറച്ച വിശ്വാസമെന്ന് അമ്മ വൈസ് പ്രസിഡന്‍റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചു.
കൊച്ചിയിൽ താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നടക്കുകയാണ്. പ്രസിഡന്റ് ശ്വേത മേനോൻ അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ യോഗം ചർച്ച ചെയ്യും. കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്നും ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമാ തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഉമാ തോമസ് ഇക്കാര്യം പറഞ്ഞത്. തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നിരുന്നു. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തനാകില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമാണെന്നും ഉമാ തോമസ് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാൽ പ്രസിഡന്റായ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു.
















