Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ്: നടൻ ദിലീപിനെ വെറുതെ വിട്ടു; ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ; കൂട്ടബലാത്സംഗവും ഗൂഡാലോചനയും തെളിഞ്ഞു

ടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ എന്ന് കോടതി വിധി. കൂട്ടബലാത്സംഗവും ഗൂഡാലോചനയും തെളിഞ്ഞു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജി ഹണി എം വര്‍ഗീസ് ആണ് കേസിൽ വിധി പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ല. ശിക്ഷ ഈ മാസം 12 നു വിധിക്കും. പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. 

 7,8,9,10 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം പ്രതി സനലിനെയും കോടതി വെറുതെ വിട്ടു. ഒമ്പതാം പ്രതിയ്‌ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. പ്രതികള്‍ക്ക് സഹായം ഒരുക്കി എന്നതായിരുന്നു കുറ്റം. 10-ാം പ്രതി ശരതിനെയും കോടതി വെറുതെ വിട്ടു. ‌‌

കൂട്ടം ചേര്‍ന്നുള്ള ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, സ്ത്രീക്കെതിരായ ആക്രമണം, സ്ത്രീക്കെതിരെ ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ബലംപ്രയോഗിച്ച് തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണി, ക്രിമിനൽ ഗൂഢാലോചന, വ്യക്തിയുടെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി മണികണ്ഠന്‍.ബി, നാലാം പ്രതി വിജീഷ് വി.പി, അഞ്ചാം പ്രതി സലിം എച്ച് എന്ന വടിവാള്‍ സലിം,ആറാം പ്രതി പ്രദീപ്, ഏഴാം പ്രതി ചാര്‍ലി തോമസ്, എട്ടാം പ്രതി നടൻ ദിലീപ്, ഒൻപതാം പ്രതി സനില്‍ കുമാര്‍ എന്ന മേസ്തിരി സനല്‍, പത്താം പ്രതി ശരത് ജി.നായര്‍ എന്നിങ്ങനെയായിരുന്നു പ്രതി പട്ടിക.

കേസിൽ 2017 നവംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2024 ഡിസംബർ 11-നാണ് കേസ്സിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ 9നാണ് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായത്.

പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകൾ സമർപ്പിച്ചു. രാവിലെ പത്തുമണിയോടെ സഹോദരനൊപ്പമാണ് ദിലീപ് കോടതിയിലെത്തിയത്. ദിലീപ് കേസിൽ അഭിഭാഷകനായെത്തിയത് സീനിയർ അഡ്വ. ബി. രാമൻ പിള്ളയാണ്. ദിലീപിന് ജാമ്യം നേടിക്കൊടുക്കുകയും വിചാരണയിലുടനീളം ശക്തമായ വാദങ്ങൾ ഉയർത്തുകയും ചെയ്ത രാമൻ പിള്ള, തെളിവ് നശിപ്പിച്ചെന്ന ആരോപണവും നേരിട്ടിരുന്നു.

2017 ഫെബ്രുവരി 17 നാണ് അങ്കമാലി അത്താണിക്കു സമീപം വെച്ച് മലയാളത്തിലെ പ്രമുഖ നടി മോശം അനുഭവം നേരിടുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍വെച്ച് ഒരു സംഘം ലൈംഗികാതിക്രമം നടത്തുകയും പിന്നീട് അപകീര്‍ത്തികരമായ രീതിയില്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. ഈ കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് നടന്‍ ദിലീപ് പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടത്.

ജനപ്രിയ നായകന്‍ അഴിക്കുള്ളില്‍ ആയ കഥ സംഭവബഹുലമാണ്

നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിനു പിന്നാലെ അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാര്‍ട്ടിന്‍ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ട്ടിന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തി. കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.

നടന്‍ ദിലീപിന്റെ പേരില്‍ ചുമത്തപ്പെട്ടിരിക്കുന്നത് ഗൂഢാലോചന കുറ്റമാണ്. 2017 ഫെബ്രുവരി 19 നാണ് ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലാകുന്നത്. നടിയെ തട്ടിക്കൊണ്ടുപോയതിലും കാറില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയതിലും ഇവരടങ്ങുന്ന സംഘമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വ്യക്തമായിരുന്നു. എന്നാല്‍ ഈ കുറ്റകൃത്യത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ദിലീപ് ആണെന്ന തരത്തില്‍ പിന്നീട് ആരോപണങ്ങള്‍ ഉയരുകയും അതിനെ സാധൂകരിക്കുന്ന രീതിയില്‍ ചില തെളുവുകള്‍ അടക്കം അന്വേഷണസംഘത്തിനു ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിനെതിരെ പരോക്ഷമായാണെങ്കിലും ആദ്യ ഒളിയമ്പ് വിട്ടത് മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ആണ്. ആക്രമിക്കപ്പെട്ട നടിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകുടെ കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. 2017 ഫെബ്രുവരി 19 നു നടന്ന ഈ പരിപാടിയില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാരിയര്‍ ആണ് ഗൂഢാലോചന ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. ഈ ക്രൂരകൃത്യത്തിനു പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മഞ്ജു വാരിയര്‍ അന്ന് നടന്ന സിനിമ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയില്‍ ആവശ്യപ്പെട്ടത്.

ദിലീപ് സംശയമുനയില്‍ നില്‍ക്കാന്‍ കാരണം എന്താണ്?

ആക്രമിക്കപ്പെട്ട നടി ദിലീപിന്റെ വ്യക്തിജീവിതത്തില്‍ ഇടപെട്ടതായും ഇതേ തുടര്‍ന്നുള്ള വ്യക്തിവൈരാഗ്യമാണ് പിന്നീട് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നും അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടി കാവ്യ മാധവനുമായി ദിലീപിനുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടിയാണ് മഞ്ജു വാരിയറെ അറിയിച്ചതെന്നും പിന്നീട് ഈ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞതെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു. കാവ്യയുമായുള്ള തന്റെ ബന്ധം മഞ്ജുവിനെ അറിയിച്ചതാണ് ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു വൈരാഗ്യം തോന്നാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ ദിലീപ് ഡിജിപിക്കു നല്‍കിയ പരാതി പിന്നീട് ദിലീപിനു തന്നെ വിനയായി. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ദിലീപ് ഡിജിപിക്കു പരാതി നല്‍കിയത്. 2017 ജൂണ്‍ 23ന് കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പള്‍സര്‍ സുനി എഴുതിയ കത്ത് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പുറത്തുവരികയും ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദീലിപിനു ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു ബോധ്യപ്പെടുന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചു.

ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്‍സര്‍ സുനിയുമായി ദീലിപിനു ഉണ്ടായിരുന്ന ബന്ധം അന്വേഷണസംഘം കൂടുതല്‍ ജാഗ്രതയോടെ അന്വേഷിച്ചു. 2017 ജൂണ്‍ 28 നാണ് കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞ പല കാര്യങ്ങളിലും അന്വേഷണസംഘത്തിനു അവ്യക്തതയുണ്ടായിരുന്നു. ഒടുവില്‍ 2017 ജൂലൈ 10 നു ദിലീപിനെ അറസ്റ്റ് ചെയ്തു. ഏതാണ്ട് മൂന്ന് മാസക്കാലം ദിലീപ് ജയില്‍വാസം അനുഭവിച്ചു. 2017 ഒക്ടോബര്‍ മൂന്നിനാണ് ഹൈക്കോടതി ദീലിപിനു ജാമ്യം നല്‍കിയത്.

കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. 2018 മാര്‍ച്ച് എട്ടിനു തുടങ്ങിയ വിചാരണ നടപടികളിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയെ നയിക്കാന്‍ ദിലീപ് അല്ലാതെ മറ്റാരുമില്ലെന്ന് സിനിമലോകം ഒന്നടങ്കം വിധിയെഴുതിയ സമയമായിരുന്നു അത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായതോടെ ആ താരത്തിന്റെ സിംഹാസനത്തിനും ഇളക്കം തട്ടി. പ്രേക്ഷകര്‍ ദിലീപിനെ പൂര്‍ണമായി കൈയൊഴിയുന്ന സാഹചര്യമുണ്ടായി. താരസംഘടനയായ ‘അമ്മ’ പൂര്‍ണമായി ദിലീപിലേക്ക് ചുരുങ്ങുകയാണെന്ന സാഹചര്യം അക്കാലത്ത് ഉണ്ടായിരുന്നു.

എന്നാല്‍ ദിലീപിന്റെ അറസ്റ്റിനു പിന്നാലെ മമ്മൂട്ടിയുടെ വീട്ടില്‍ അടിയന്തര യോഗം ചേരുകയും ആരോപണ വിധേയനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി മമ്മൂട്ടി പ്രഖ്യാപിക്കുകയും ചെയ്തു. അക്കാലത്ത് ദിലീപിനെ പുറത്താക്കണമെന്ന് ശക്തമായ നിലപാടെടുത്തത് പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ്. ജയില്‍വാസം കഴിഞ്ഞു തിരിച്ചുവന്ന ദിലീപിനു ആരാധകരില്‍ നിന്ന് വലിയ സ്വീകരണം ലഭിച്ചെങ്കിലും മലയാളി പ്രേക്ഷകര്‍ പൂര്‍ണമായി ദിലീപ് എന്ന നടനെയും താരത്തെയും കൈവിടുകയായിരുന്നു.

Related Posts