തിരുവനന്തപുരം: രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ ഒളിവിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ‘വിധി’ ഇന്ന് അറിയാം. കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി പരിഗണിക്കും. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
രണ്ടാമത്തെ കേസിൽ ഊരും പേരുമില്ലാത്ത പരാതിയാണ് വന്നതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. ബംഗളൂരുവിൽ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു കേസിലുമായി 12-ാം ദിവസവും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്.
അതേസമയം ഒളിവിൽ തുടരുന്ന രാഹുലിനെ തിരഞ്ഞ് ബംഗളൂരുവിലേക്ക് പുതിയ അന്വേഷണ സംഘം ഇന്നലെ തിരിച്ചിട്ടുണ്ട്. രാഹുലിനെതിരെ രണ്ടാമത്തെ പരാതി നൽകിയ ബംഗളൂരു സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുക എന്ന ലക്ഷ്യവും ബംഗളൂരുവിലേക്ക് തിരിച്ച പുതിയ അന്വേഷണ സംഘത്തിനുണ്ട്. ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പൊലീസ് നിഗമനം.
രാഹുലിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും കോൺഗ്രസ് തന്നെ സംരക്ഷണം നൽകുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി വിവാദം നിലനിർത്തുകയാണ് സിപിഎം ലക്ഷ്യമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
















