ഹരിദ്വാർ: ഹരിദ്വാറിലെ ജ്വാലാപൂർ പ്രദേശത്ത് ബജ്റംഗ്ദൾ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞതായി ആരോപണം. ഇതിനെത്തുടർന്ന് പ്രദേശത്ത് കനത്ത സംഘർഷം ഉണ്ടായി. കല്ലെറിഞ്ഞവർക്കെതിരെ നടപടിയെടുക്കുമെന്ന് ബജ്റംഗ്ദൾ പ്രവർത്തകർക്ക് പൊലീസ് ഉറപ്പ് നൽകി. ഞായറാഴ്ച വൈകുന്നേരം ബജ്റംഗ്ദൾ ‘ശൗര്യ യാത്ര’ സംഘടിപ്പിച്ചിരുന്നു. ഹരിദ്വാറിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചതെന്നും ജ്വാലാപൂരിലെ രാം ചൗക്കിൽ എത്തിയ ഉടനെയാണ് കല്ലേറ് നടന്നതെന്നും അവർ ആരോപിച്ചു.
ഘോഷയാത്രയ്ക്ക് നേരെ സാമൂഹിക വിരുദ്ധർ കല്ലെറിഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹരിദ്വാർ സിറ്റി പോലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു. തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ശേഷം കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിദ്വാറിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു, മതപരമായ ഘോഷയാത്രകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭരണകൂടത്തിന്റെ പരാജയമാണ് തെളിയിക്കുന്നതെന്നും ബജ്റംഗ്ദൾ ആരോപിച്ചു.
















