Homepage Featured Kerala News

‘സമയവും സ്ഥലവും തീരുമാനിച്ചാൽ മതി’; എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാർ, കെസി വേണു​ഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പിണറായി വിജയൻ

കോഴിക്കോട്: കെസി വേണു​ഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് പിണറായി വിജയൻ. കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംവാദത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ചാൽ മതിയെന്നും വെല്ലുവിളി സ്വീകരിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ പോരായ്മ സംബന്ധിച്ച് പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെക്കുറിച്ച് സംസാരിക്കവേ കെസി വേണു​ഗോപാൽ വിഷയത്തിൽ തന്നോട് സംവാദത്തിന് തയ്യാറാണോ എന്ന് ചോദിച്ച് വെല്ലു വിളിച്ചിരുന്നു.

ഇതോടെ, സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള നേരിട്ടുള്ള സംവാദത്തിന് കളമൊരുങ്ങി. കേരളത്തിന്റെ വികസന വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ യുഡിഎഫ് എംപിമാർ പരാജയപ്പെട്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചത്.

യുഡിഎഫ് എംപിമാർ കേരളത്തിന്റെ ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ പിന്നാക്കം പോയെന്ന് മുഖ്യമന്ത്രിക്ക് തെളിയിക്കാൻ കഴിഞ്ഞാൽ പരസ്യമായി മാപ്പ് പറയാൻ താൻ തയ്യാറാണെന്ന് വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. “മുഖ്യമന്ത്രിയെപ്പോലെ ഒരാൾ ഇത്തരം നുണകൾ പറയരുത്. കച്ചവടത്തിന് വേണ്ടിയുള്ള ഡീലിന്റെ ഇടനിലക്കാരാകാൻ യു.ഡി.എഫ് എം.പിമാരെ കിട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചതെന്ന് ഇപ്പോൾ സി.പി.ഐക്ക് പോലും മനസ്സിലായിട്ടുണ്ടാകുമെന്നും സി.പി.എം പല കാര്യങ്ങളിലും ഇത്തരം ഇടനില പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും വേണുഗോപാൽ ആരോപിച്ചിരുന്നു.

ജമാ അത്തെ ഇസ്ലാമിയെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ആരും ജമാ അത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ഓരോ സ്ഥലത്തും ഓരോ നിലപാട് അവർ സ്വീകരിക്കുന്നുണ്ടാവും എന്നാൽ ശുദ്ധമായ മത തീവ്രവാദ നിലപാടാണ് അവർക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഭൂരിഭാ​ഗം വരുന്ന മതേതരവാദികളായ വിശ്വാസികളും അവരെ എതിർക്കുന്നത്.

അവർ കറ കളഞ്ഞ വർ​ഗീയവാദികളാണെന്ന നിലപാടാണ് സിപിഐഎമ്മിനും സിപിഐക്കും എൽഡിഎഫിലെ മറ്റു കക്ഷികൾക്കുമുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

തന്നെ കാണാൻ വന്ന എസ്ഡിപിഐ പ്രവർത്തകരുടെ കൂടെ സോളിഡാരിറ്റിയുടെ യുവാക്കളുമുണ്ടായിരുന്നു. അവരുടെ മുഖത്തു നോക്കി അവർ സാമൂഹ്യ വിരുദ്ധമായ നിലപാടുകളാണ് സ്വീകരിച്ചു വരുന്നതെന്ന് പറഞ്ഞതായും പിണറായി വിജയൻ പറഞ്ഞു. എകെജി സെന്ററിലെത്തി എസ്ഡിപിഐ നേതാക്കൾ കണ്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു പിണറായി വിജയൻ.

1992 ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം ലീ​ഗ് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തെ സ്വീകരിച്ചിരിക്കുന്നതിനാലാണ് അവർ പ്രതികരിക്കാത്തതെന്നും പിണറായി വിജൻ പറഞ്ഞു.

Related Posts