കൊല്ലം: കുരീപ്പുഴയിൽ നിരവധി ബോട്ടുകൾ കത്തി നശിച്ചു. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് വിവരം.
ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിയത്. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ആണ് ഇവ. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. തീ പടർന്നതിന് പിന്നാലെ ബോട്ടുകളിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് തീ വ്യാപിച്ചതിന് കാരണമെന്നാണ് ഫയർഫോഴ്സ് വിശദീകരിക്കുന്നത്. പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്കും അയ്യൻകോവിൻ ക്ഷേത്രത്തിനും സമീപമാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
നവംബറിൽ അഷ്ടമുടി കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചിരുന്നു. കുരീപ്പുഴ പാലത്തിന് സമീപത്തായിരുന്നു അന്നത്തെ അപകടം. ഐസ് പ്ലാൻറിന് മുന്നിൽ കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകളിലാണ് അന്ന് തീ പടർന്നത്. അഗ്നിബാധയിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
















