Homepage Featured India News

വിമാനക്കമ്പനികളുടെ അനിയന്ത്രിത ടിക്കറ്റ് നിരക്ക് തടയും; താത്കാലികമായി ചാർജിൽ പരിധി നിശ്ചയിച്ച് സിവിൽ വ്യോമയാന മന്ത്രാലയം

ഡൽഹി: ഇൻഡി​ഗോ എയർലൈൻസ് നിരവധി സർവീസുകൾ നിർത്തിയതോടെ വിമാന യാത്രാനിരക്കിൽ വന്ന വൻ വർദ്ധന തടയാൻ നടപടിയെടുത്ത് സിവിൽ വ്യോമയാന മന്ത്രാലയം. യാത്രാനിരക്കിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പരിധി നിർണയിച്ചു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികൾ ഈടാക്കുന്ന അതിഭീമമായ നിരക്കുകൾക്കെതിരെ ഉയർന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

ഇതിൻ്റെ ഭാഗമായി, മന്ത്രാലയം എല്ലാ വിമാനക്കമ്പനികൾക്കും യാത്രാനിരക്കിന് പരിധി (ഫെയർ ക്യാപ്) നിശ്ചയിക്കുകയും ഇത് ചൂണ്ടിക്കാട്ടി കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. പരിധി എത്രയാണ് നിശ്ചയിച്ചിരിക്കുന്നത് എന്നതിനെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം ഇപ്പോൾ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

യാത്രക്കാരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രാലയത്തിന്റെ നടപടി. അനിയന്ത്രിതമായ നിരക്കു വർധന കാരണം മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, രോഗികൾ തുടങ്ങിയവർക്ക്  ബുദ്ധിമുട്ടുണ്ടാകരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

രാജ്യത്തെ 62 ശതമാനം ആഭ്യന്തര സർവീസും കൈകാര്യം ചെയ്തിരുന്ന ഇൻഡിഗോയിൽ ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് മറ്റു വിമാനക്കമ്പനികൾ യാത്രാ നിരക്ക് കുത്തനെ കൂട്ടിയിരുന്നു. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്ന ചട്ടം ഡിസംബർ ഒന്ന് മുതൽ ഡിജിസിഎ നടപ്പാക്കിയതാണ് വിമാനക്കമ്പനികൾക്ക് തിരിച്ചടിയായത്. വിമാന സർവീസുകളിലെ ക്രൂ അംഗങ്ങൾക്ക് പ്രതിവാര വിശ്രമം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേറ്റർമാർക്ക് നൽകിയ നിർദ്ദേശങ്ങളും കഴിഞ്ഞ ദിവസം ഡിജിസിഎ പിൻവലിച്ചിരുന്നു.

പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേയും പ്രശ്നത്തിന് പരിഹാരം കാണാനും ശ്രമിച്ചിട്ടുണ്ട്. ഡിസംബർ അഞ്ച് മുതൽ 13 വരെ പ്രത്യേക ട്രെയിനുകൾ ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തും. പ്രധാനമയും ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

Related Posts