Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ പൊലീസിന് വീഴ്ചയില്ല, സംരക്ഷണമൊരുക്കുന്നത് കോൺ​ഗ്രസ്; വിവാദ വിഷയങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അറിഞ്ഞു കൊണ്ട് രാഹുലിനെ അറസ്റ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ എവിടെയാണെന്ന് ചിലർക്ക് അറിയാമെന്നും അവർ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.

രാഹുലിനെ അറസ്റ്റു ചെയ്യുകയെന്നത് പൊലീസിന്റെ ഡ്യൂട്ടിയുടെ ഭാ​ഗമാണെന്ന് പറഞ്ഞ പിണറായി വിജയൻ, കോൺ​ഗ്രസാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നും ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞു കൊണ്ട് ഹൈക്കോടതിയുടെ വിധി ഇന്ന് പുറത്തുവന്നിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രി സൂചിപ്പിച്ചു.

കിഫ്ബിയിൽ അമിതമായ പലിശയാണ് സംസ്ഥാനം നൽകുന്നതെന്ന പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ആരോപണത്തിലും പിണറായി വിജയൻ പ്രതികരിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകുന്നത് ന്യായമായ പലിശ മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ന്യായമായ പലിശ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ പരാതിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പിൽ വിശ്വാസമില്ലാത്തവരാണെന്ന കാര്യം മാധ്യമപ്രവർത്തകർക്കുള്ള മറുപടിയായി മുഖ്യമന്ത്രി തൃശ്ശൂരിലും ആവർത്തിച്ചു.

സിപിഐഎമ്മും സിപിഐയും ഇടതുപക്ഷ പാർട്ടിയാണ്. ഇരുപാർട്ടികളും ഒന്നിച്ചു പോകുകയാണെന്നും ആ ബന്ധം കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐയുമായുള്ള തർക്കം തെരഞ്ഞെടുപ്പിൽ ബാധിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ.

കൊല്ലത്ത് ദേശീയ പാത ഇടിഞ്ഞു വീഴുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ പ്രതികരിച്ചു. നാഷണൽ ഹൈവേയുടെ നിർമാണത്തിൽ പാളിച്ചകൾ ഹൈവേ അതോറിറ്റിക്ക് സംഭവിച്ചതായും പൊതുമരാമത്ത് വകുപ്പിന് അക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരിടത്ത് പ്രശ്നമുണ്ടായെന്ന് കരുതി നാഷണൽ ഹൈവേ നിർമാണം ആകെ തകരാറിലാണെന്ന് കാണേണ്ടതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts