കൊല്ലം: കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. കരാർ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കിയിട്ടുണ്ട്. കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും തുടർന്നുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനെതിരെയാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്. അതേസമയം തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗാതാഗത യോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
നാളെ വൈകിട്ടോടെ സർവീസ് റോഡിൻ്റെ പുനർനിർമ്മാണം പൂർത്തിയാക്കുമെന്നും മറ്റന്നാൾ യാത്രക്കാർക്ക് തുറന്നു കൊടുക്കുമെന്നുമാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചത്. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇതിന് ശേഷം എൻഎച്ച്എഐയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കത്തയച്ചിരുന്നു.
ദേശീയപാത ഇടിഞ്ഞതിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി നിർദേശം നൽകി. പൊതുമരാമത്ത് സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. ഇന്നലെ കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് നിരവധി വാഹന യാത്രക്കാർ രക്ഷപ്പെട്ടത്. മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ധരെ നിയോഗിച്ച് വിശദ പരിശോധന നടത്തുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിക്കുന്നത്. ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു.
നാഷണൽ ഹൈവേയുടെ നിർമാണത്തിൽ നിരവധി പാളിച്ചകൾ ഹൈവേ അതോറിറ്റിക്ക് സംഭവിച്ചതായും പൊതുമരാമത്ത് വകുപ്പിന് അക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ഏതെങ്കിലും ഒരിടത്ത് പ്രശ്നമുണ്ടായെന്ന് കരുതി നാഷണൽ ഹൈവേ നിർമാണം ആകെ തകരാറിലാണെന്ന് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഉടനീളം ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ലെന്ന് വിഡി സതാശൻ കുറ്റപ്പെടുത്തി. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
















