Homepage Featured India News

സ്റ്റോക്ക് മാർക്കറ്റ് പരിശീലകനിൽ നിന്ന് കണ്ടെടുത്തത് 546.16 കോടി; വിപണിയിൽ എപ്പോൾ നിക്ഷേപിക്കണമെന്ന് നിർദേശം നൽകുന്നത് നിയമവിരുദ്ധമെന്ന് സെബി

മുംബൈ: സ്റ്റോക്ക് മാർക്കറ്റ് പരിശീലകനായ അവധൂത് സഠേയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ അവധൂത് സഠേ ട്രേഡിംഗ് അക്കാദമിയുടെയും അക്കൗണ്ടുകളില്‍ നിന്ന് 546.16 കോടി രൂപ കണ്ടുകെട്ടാന്‍ സെബിയുടെ ഉത്തരവ്. വിപണിയില്‍ ഓഹരികളില്‍ എപ്പോള്‍ നിക്ഷേപിക്കണം, എപ്പോൾ നിക്ഷേപം പിൻവലിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ നൽകുകയും ഇതനുസരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.

അവധൂത് സഠേ ട്രേഡിംഗ് അക്കാദമിയുടെ സ്വത്തുക്കള്‍ സെബി മരവിപ്പിക്കുകയും അവധൂത് സഠേയെ ഓഹരി വിപണിയിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. അവധൂത് സഠേയും അദ്ദേഹത്തിന്റെ സ്ഥാപനവും സെബിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ആയോ റിസര്‍ച്ച് അനലിസ്റ്റ് ആയോ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

2020 ജനുവരി 1 മുതല്‍ 2025 ഒക്ടോബര്‍ 9 വരെയുള്ള കാലയളവില്‍ വാഗ്ദാനം ചെയ്ത എട്ട് കോഴ്സുകൾ നടത്തിയ സഠേയും അയാളുടെ സ്ഥാപനവും 601 കോടി രൂപയിലധികം സമാഹരിച്ചു. സ്റ്റോപ്പ് ലോസ് എപ്പോള്‍ ട്രിഗ്ഗര്‍ ചെയ്യണമെന്നതടക്കമുള്ള നിർദേശങ്ങൾ അവധൂത് സഠേ നൽകിയിരുന്നു. മുന്‍പ് ‘ബാപ് ഓഫ് ചാര്‍ട്ട്’, അസ്മിത പട്ടേല്‍ തുടങ്ങിയ ‘ഫിന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കെതിരെയും’ സെബി സമാനമായ രീതിയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സെബി സര്‍ട്ടിഫൈ ചെയ്ത ഉപദേശകരായ രജിസ്റ്റേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍മാര്‍ക്ക് ഒരു നിശ്ചിത ഫീസ് ഈടാക്കി ഓഹരി വിപണിയില്‍ ഉപദേശങ്ങള്‍ നല്‍കാന്‍ അനുമതിയുണ്ട്. 2013-ലെ സെബി (ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്) റെഗുലേഷന്‍സ് അനുസരിച്ച് വേണം ഇവർ ഉപദേശങ്ങൾ നൽകാൻ. എന്നാൽ ഇത്തരം ഒരു രജിസ്ട്രേഷനും ഇല്ലാത്തതിനാലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലുമാണ് സെബി നടപടിയെടുത്തത്.

Related Posts