എറണാകുളം: ഇഡി നോട്ടീസ്, രാഹുൽ മാങ്കൂട്ടത്തിൽ, ശബരിമല വിഷയങ്ങൾ കത്തിനിൽക്കെ എറണാകുളം പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രിയുടെ ‘മീറ്റ് ദ പ്രസ്’. ഇന്ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരുമായി സംവാദത്തിനായി പ്രസ് ക്ലബ്ബിലെത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ എ പത്മകുമാറിനെതിരെ പാർട്ടി നടപടിയില്ലാത്തതും സമൂഹത്തിൽ ചർച്ചയാകുന്നുണ്ട്. ശബരിമല സ്വർണക്കൊള്ളയിലെ എൻ വാസു, എ പത്മകുമാർ തുടങ്ങിയവരുടെ അറസ്റ്റു സംബന്ധിച്ചും തുടർനടപടികളെക്കുറിച്ചും ഇഡി നോട്ടീസിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി സുധാകരനെ പിണറായി വിജയൻ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. വീട്ടിലെ ശുചിമുറിയിൽ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തിലാണ് ജി സുധാകരൻ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം തുടങ്ങിയ സിപിഎം നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പം ജി സുധാകരന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചു. സഖാവ് എത്രയും വേഗം പൂർണാരോഗ്യം തിരിച്ചെടുക്കട്ടെ എന്നാശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്തേക്ക് തിരിച്ചു. ഇന്ന് പ്രസ് ക്ലബ്ബിലെ പരിപാടിക്ക് ശേഷം തൃശ്ശൂരിലേക്ക് പോകും. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സംവാദ പരിപാടിയുണ്ട്.
















