ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം തുടരുന്നു. റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഊഷ്മളമായ സ്വീകരണമൊരുക്കി. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരത്തിലെത്തി പുടിൻ പുഷ്പചക്രം സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തും. നിർണായക ചർച്ചകളും തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്. യുഎസ് ഉപരോധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ഇടപാടുകളിൽ കുറവുണ്ടായതോടെ റഷ്യയുടെ ആയുധങ്ങളുടെയും കടൽ മാർഗമുള്ള എണ്ണയുടെയും ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ.

നാലു വർഷത്തിനു ശേഷമാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷമുളള പുടിന്റെ ആദ്യ സന്ദർശനമാണ് ഇതെന്നുള്ള പ്രത്യേകതയുമുണ്ട്. 26-27 മണിക്കൂർ പുടിൻ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആയുധ പങ്കാളിയാണ് റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും റഷ്യയുമായുള്ള വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രധാനമന്ത്രി മോദിയുമായുള്ള പ്രതിനിധി തല ചർച്ച, സംയുക്ത പത്രക്കുറിപ്പ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായുള്ള ഒരു ബിസിനസ് പരിപാടി, വൈകുന്നേരം രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവുമായുള്ള ഒരു കൂടിക്കാഴ്ച എന്നിവയാണ് ഇന്നത്തെ പുടിന്റെ ഔദ്യോഗിക പരിപാടികൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ എന്നിവർ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോഗമാണ് ആദ്യം. കഴിഞ്ഞ വർഷം ജൂലൈയിൽ മോസ്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്രെംലിനിൽ സംഘടിപ്പിച്ച സ്വകാര്യ യോഗത്തിന്റെ ശൈലിയിലാണ് ദില്ലിയിലെ കൂടിക്കാഴ്ച. പുടിന്റെ ഇന്ത്യാ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ മോദി ഒരു സ്വകാര്യ അത്താഴ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

















