Homepage Featured Kerala News

കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയ രാഹുലിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടില്ല; പാർട്ടി വിപ്പു ലംഘിച്ചാൽ അയോ​ഗ്യനാക്കാം

തിരുവനന്തപുരം: കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാം​ഗത്വം നഷ്ടമാകില്ല. എന്നാൽ ഏതെങ്കിലും വിഷയത്തിൽ കൂറുമാറ്റമുണ്ടായാൽ നിയമമനുസരിച്ച് രാഹുലിന് നിയമസഭാം​ഗത്വം നഷ്ടമാകും. നിലവിൽ കൂറുമാറ്റം നടക്കാത്തിനാൽ രാഹുലിന് നിയമപരമായി രാജി വെയ്ക്കേണ്ടതില്ല. എന്നാൽ പാർട്ടിയുടെ പിന്തുണയിൽ തെരഞ്ഞെടുപ്പിൽ ജയിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിന്റെ പ്രാഥമികാം​ഗത്വത്തിൽ നിന്നടക്കം നീക്കം ചെയ്ത സാഹചര്യത്തിൽ വേണമെങ്കിൽ അയാൾക്ക് നിയമസഭയിൽ നിന്ന് രാജി വെക്കാം.

പാർട്ടി വിപ്പു ലംഘിച്ച് സഭയിൽ വോട്ടു ചെയ്യുകയോ മറ്റു പാർട്ടിയിൽ അം​ഗത്വമെടുക്കുകയോ ചെയ്താൽ കൂറുമാറ്റ നിയമം ബാധകമാകും. പാർട്ടിയിൽ നിന്നു രാജി വെച്ചതാണെങ്കിലും കൂറുമാറ്റമാകും. ഇത്തരം സാഹചര്യങ്ങളിൽ പാർട്ടിയുടെ പരാതിയിൽ സ്പീക്കർക്ക് അം​ഗത്തെ അയോ​ഗ്യനാക്കുന്നതടക്കമുള്ള നടപടിയെടുക്കാം. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പുറത്താക്കിയെങ്കിലും പാർട്ടി വിപ്പ് അനുസരിക്കാൻ രാഹുൽ ബാധ്യസ്ഥാണ്.

അതേസമയം സഭയിലെ ഏതം​ഗത്തിനും സദാചാര വിഷയങ്ങൾ പരിശോധിക്കുന്ന എത്തിക്സ് കമ്മിറ്റി, സ്പീക്കർ എന്നിവർക്ക് രാഹുലിനെതിരെ നിലവിൽ പരാതി നൽകാനുള്ള അവസരമുണ്ട്. സഭയുടെ അന്തസ്സിന് ചേരാത്തതാണ് സഭാംഗത്തിനെതിരെയുള്ള കുറ്റമെങ്കിൽ അം​ഗത്വത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും.
പരാതിക്കാരെയും ആരോപണം നേരിടുന്നവരെയും കേട്ടശേഷം എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ സഭയിൽ സമർപ്പിക്കാം. പിന്നീട് സഭാനേതാവായ മുഖ്യമന്ത്രി ഈ ശുപാർശ പ്രമേയമായി അവതരിപ്പിക്കുകയാണ് വേണ്ടത്. സഭയാണ് പുറത്താക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

കേരള നിയമ സഭയുടെ ചരിത്രത്തിൽ ഇത്തരത്തിൽ ആരെയും പുറത്താക്കിയിട്ടില്ല. എന്നാൽ കെആർ​ ഗൗരിയമ്മയ്ക്കെതിരെയുള്ള പിസി ജോർജിന്റെ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ താക്കീതു ചെയ്തിരുന്നു. കുറ്റകൃത്യത്തിന്റെ ​ഗൗരവമനുസരിച്ച് അം​ഗത്തെ താക്കീതു ചെയ്യാനോ സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ സഭയ്ക്ക് അധികാരമുണ്ട്.

Related Posts