ഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിൽ വിശദീകരണവുമായി ഇൻഡിഗോ എയർലൈൻസ് അധികൃതർ രംഗത്ത്. കേന്ദ്ര സർക്കാരിന്‍റെ പുതിയ നിർദേശ പ്രകാരം പൈലറ്റുമാരടക്കം ജീവനക്കാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും ആസൂത്രണത്തിലും വീഴ്ച വന്നെന്ന് ഇൻഡിഗോ സമ്മതിച്ചു.
അഞ്ഞൂറിലധികം സർവ്വീസുകൾ ഇൻഡിഗോ എയർലൈൻസ് ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. അതേസമയം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായി ഇൻഡിഗോ അധികൃതർ അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസം കൂടുതൽ വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്ന് ഇൻഡിഗോ അറിയിച്ചു. പ്രതിദിനം ഇൻഡിഗോയുടെ ഏകദേശം 2300 വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. പുതിയ നിർദേശങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തനങ്ങൾ സാധാരണഗതിയിൽ നടത്തുന്നതിന് ഫെബ്രുവരി 10 വരെ സമയമെടുത്തേക്കുമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് പറഞ്ഞു.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ഗോവ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സർവ്വീസുകൾ ഒരുമിച്ച് റദ്ദാക്കുന്നത്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്‌നങ്ങളും അടക്കം പ്രശ്നങ്ങൾ പ്രതിസന്ധിക്ക് കാരണമായതായി വിമാന കമ്പനി അറിയിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രതിസന്ധിയെ കുറിച്ച് ചർച്ച നടത്തിയിട്ടുണ്ട്. ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധിയിൽ താൽക്കാലിക ഇളവ് അടക്കം ശുപാർശ നല്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.
















