ഡൽഹി: ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആഴത്തിലുള്ള സൗഹൃദമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് മോദി പറഞ്ഞു. പുടിനുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചകൾക്കും ശേഷമായിരുന്നു ഇരുവരും മാധ്യമങ്ങളെ കണ്ടത്.
ഉച്ചകോടിയിൽ തൊഴിൽ, കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട രണ്ടു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായിട്ടുണ്ട്.
കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ റഷ്യ സഹകരിക്കുമെന്ന് പുടിൻ പറഞ്ഞു. ഇതോടൊപ്പം ചെറു ആണവ റിയാക്ടറുകൾ സ്ഥാപിക്കാനും സഹകരിക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പുടിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത് സാംസ്കാരികമായ പരസ്പര സഹകരണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു.
















