Homepage Featured Kerala News

പെൺകുട്ടി പരാതികൊടുക്കുമെന്ന് തലേദിവസം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു; ഒരു പൊലീസുകാരൻ വിചാരിച്ചാൽ പോലും രാഹുലിനെ അറസ്റ്റ് ചെയ്യാം: വി ഡി സതീശൻ

തിരുവനന്തപുരം: പെൺകുട്ടി പരാതികൊടുക്കുമെന്ന് തലേദിവസം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നല്ലോ, പരാതി കൊടുത്താലുള്ള നടപടിയെ കുറിച്ചും അറിയാമായിരുന്നു. എന്നിട്ടും അന്ന് ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരൻ വിചാരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള മറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയതെന്നും അറസ്റ്റായിരുന്നില്ല അവരുടെ ആഗ്രഹം, തെരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം മാറ്റിവെച്ച് വേറെ വിഷയം ചർച്ച ചെയ്യണം അതിനായിരുന്നു ഇതെല്ലാം എന്നും വി ഡി സതീശൻ പറഞ്ഞു.

അയ്യപ്പൻ്റെ സ്വർണം കവർന്ന കേസിൽ എസ്പെ്ഐടി അന്വേഷിച്ച് തെളിവുകൾ ഹാജരാക്കിയതിനെ തുടർന്ന് ജയിലിൽ കിടക്കുന്ന, കോടതി ജാമ്യം നിഷേധിച്ച, പ്രതികൾക്കെതിരേപോലും നടപടി എടുക്കാത്ത പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം വിമർശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിൽ വൻ തോക്കുകൾ ഉണ്ടെന്നും സതീശൻ പറഞ്ഞു. മുൻ ദേവസ്വം മന്ത്രി, ഇപ്പോഴത്തെ ദേവസ്വം മന്ത്രി, ദൈവതുല്യനായ ആളെന്ന് പത്മകുമാർ വിശേഷിച്ചവരുൾപ്പെടെ എല്ലാ വൻ തോക്കുകളും ഇതിനകത്ത് ഉണ്ട്. ജയിലിലേക്കുള്ള സിപിഐഎം നേതാക്കളുടെ ഷോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ, ഇതിലും വലിയ നേതാക്കന്മാർ ജയിലിലാകും.

സ്വർണ്ണക്കൊള്ളയിൽ കടകംപള്ളിയെ ചോദ്യം ചെയ്യരുതെന്ന സമ്മർദം എസ്‌ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിയുംവരെ കടകംപള്ളിയെ ചോദ്യം ചെയ്യാൻ വിളിക്കരുതെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ചോദ്യം ചെയ്യൽ വൈകിപ്പിക്കാൻ പരമാവധി നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുകേഷ് സിപിഐഎം മെമ്പർ അല്ലെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിൽ സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പീഡനക്കേസിൽ പ്രതിയായ അവരുടെ എംഎൽഎയോട് രാജിവെക്കണമെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. മുകേഷ് എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി അംഗമാണ്. അതിൽനിന്നും മുകേഷിനെ പുറത്താക്കിയിട്ടില്ല.

പിഎംശ്രീ നടപ്പിലാക്കാൻ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസാണ്. പദ്ധതിയുടെ ഇടനിലക്കാരൻ ബ്രിട്ടാസ് ആയിരുന്നു. പൊളിറ്റ്ബ്യൂറോയോ സെക്രട്ടേറിയേറ്റോ ക്യാബിനേറ്റോ ഇടതുമുന്നണിയോ അറിയാതെ അമിത് ഷായും നരേന്ദ്രമോദിയും പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടുകൊടുത്ത ആളാണ് പിണറായി വിജയൻ. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനാണ് ബ്രിട്ടാസ്. പിഎം ശ്രീ ഒപ്പുവെക്കുന്നതിൽ ഒരു കയ്യാളിന്റെ ജോലിയെ നമ്മുടെ ശിവൻകുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. പാലത്തിലൂടെ നടക്കുന്നത് ഏതായാലും കേരളത്തിന്റെ നല്ലതിനല്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ അവിഹിത ബാന്ധവമാണെന്നും സതീശൻ പറഞ്ഞു.

Related Posts