ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ ഇന്ത്യയിലെത്തി. 6:35ന് ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ മോദിയുടെ മോസ്കോ സന്ദർശനവേളയിൽ റഷ്യൻ പ്രസിഡന്റ് കാഴ്ചവെച്ച അതിഥിസൽക്കാരത്തിന് പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തിനായി സ്വകാര്യ വിരുന്നൊരുക്കുന്നത്. നാളെ ഔദ്യോഗിക കൂടിക്കാഴ്ച നടക്കും. രാഷ്ട്രപതി ഭവനിൽ ഔപചാരിക സ്വീകരണവും തുടർന്ന് ഹൈദരാബാദ് ഹൗസിൽവിരുന്നും നടക്കും. മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രസിഡന്റ് പുടിൻ രാവിലെ രാജ്ഘട്ട് സന്ദർശിക്കാനും നിശ്ചയിച്ചിട്ടുണ്ട്.
റഷ്യയുടെ സർക്കാർ ബ്രോഡ്കാസ്റ്ററിന്റെ ഇന്ത്യയിലെ പുതിയ ചാനൽ ഉദ്ഘാടനം ചെയ്യുകയും ഈ വേളയിൽ നടക്കും. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു സംഘടിപ്പിക്കുന്ന ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ച രാത്രി 9 മണിയോടെ അദ്ദേഹം ഇന്ത്യയിൽ നിന്ന് യാത്രതിരിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പുകൾ. വലിയൊരു വ്യവസായ പ്രതിനിധി സംഘം പുടിനോടൊപ്പം ഇന്ത്യാ സന്ദർശനത്തിനുണ്ട്. ഇരു രാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് പ്രതിരോധം, ഊർജം, വ്യാപാരം എന്നിങ്ങനെ മൂന്ന് നിർണായക മേഖലകളിലാണ് ഈ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുക. കപ്പൽഗതാഗതം, ആരോഗ്യപരിചരണം, വളങ്ങൾ, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകളും ധാരണാപത്രങ്ങളും കൂടിക്കാഴ്ചയിൽ ഒപ്പിടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
















