ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യയിലേക്ക്. 23 -ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിൻ ഇന്ന് ഇന്ത്യയിലെത്തുന്നത്. നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് പുടിൻ ഉച്ചകോടിക്കെത്തുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമു റഷ്യൻ പ്രസിഡന്റിനെ സ്വീകരിക്കും. തുടർന്ന് രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന വിരുന്നിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പുടിൻ ഇന്ത്യയിലെത്തുന്നത്. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്റ്റില്‍ മോസ്‌കോ സന്ദര്‍ശനത്തിനിടെ റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന വിവരം അറിയിച്ചിരുന്നു. എന്നാൽ പുടിൻ ഇന്ത്യയിലെത്തുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. റഷ്യയ്ക്കുമേലുള്ള ട്രംപിന്റെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ നിർണായകമാണ് മോദി-പുടിൻ ചർച്ച.
ഇന്ത്യയ്ക്കുമേൽ യുഎസിന്റെ അമിത ഇറക്കുമതി ചുങ്കത്തിനു കാരണമായി ട്രംപ് ചൂണ്ടിക്കാട്ടുന്നത് റഷ്യയ്ക്കുമേലുള്ള ഉപരോധത്തിൽ ഇന്ത്യ സഹകരിക്കാതിരുന്നതായിരുന്നു. ആദ്യ ഘട്ടത്തിൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് യുഎസിന്റെ ഉപരോധം നിലനിൽക്കെയും ഇന്ത്യ തുടർന്നിരുന്നു. എന്നാൽ പിന്നീട് ഇന്ത്യൻ എണ്ണക്കമ്പനികൾ എണ്ണ ഇറക്കുമതിയിൽ കുറവു വരുത്തിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനത്തിലും എണ്ണ ഇറക്കുമതിയടക്കമുള്ള വിഷയങ്ങൾ ചർച്ചയായേക്കുമെന്നാണ് സൂചന.
റഷ്യയിൽ നിന്നുള്ള എസ് 400 മിസൈൽ പ്രതിരോധസംവിധാനം, സുഖോയ്-57 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തുടങ്ങിയവ കൂടുതൽ വാങ്ങുന്നതിൽ ചർച്ചയുണ്ടാകും. ഇന്ത്യയിൽ നിന്നുള്ള മത്സ്യ വിഭവങ്ങൾ, മാതളനാരങ്ങ, ഉരുളക്കിഴങ്ങ് പോലുള്ള മറ്റു ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവയുടെ റഷ്യയിലേക്കുള്ള കയറ്റുമതി തുടങങിയ വിഷയങ്ങളും ചർച്ചയാകും. ഉഭയകക്ഷിവ്യാപാരം 2023-ഓടെ 10,000 കോടി ഡോളറായി (ഒമ്പതുലക്ഷം കോടി രൂപ) ഉയർത്താനാണ് ഇരു രാജ്യങ്ങളും ഒരുങ്ങുന്നത്.
അതേസമയം റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ യുഎസ് ഉപരോധമേർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യൻ കമ്പനികൾ കുറച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എച്ച്പിസിഐഎല്‍-മിത്തല്‍ എനര്‍ജി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തുടങ്ങിയ കമ്പനികള്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചതായും റിപ്പോർട്ടുകളുണ്ട്.
നേരത്തേ യുഎസ് ഉപരോധം നിലവിൽ വന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയതിനാൽ ഇന്ത്യക്കെതിരായ യുഎസിന്റെ തീരുവ കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് ഡൊണാൾഡ് ട്രംപും അറിയിച്ചു. ഇതനുസരിച്ചാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.
















